നീതാ ദേശ്‌വാള്‍ ഭര്‍ത്താവും കുഞ്ഞിനുമൊപ്പം ( ഫയല്‍ ചിത്രം)
ചണ്ഡിഗഢ്: നീതാ ദേശ്‌വാളിന് ഇനിയും പൂര്‍ണ്ണമായും മോചിതയാകാന്‍ കഴിഞ്ഞിട്ടില്ല, ഭര്‍ത്താവ് അമിത് ദേശ്‌വാളിന്റെ വിയോഗത്തില്‍നിന്ന്. രാജ്യസേവനത്തിന്റെ വഴിയില്‍, കഴിഞ്ഞ ഏപ്രിലില്‍ മണിപ്പൂരിലെ കലാപം അടിച്ചമര്‍ത്തുന്നതിനിടെയാണ് മേജര്‍ അമിത് ദേശ്‌വാള്‍ വീരമൃത്യുവരിച്ചത്.
പിഞ്ചുമകനുമായി, അമിതിന്റെ മരണശേഷം സൈന്യം ഔദ്യോഗികമായി അനുവദിച്ച ദല്‍ഹിയിലെ കന്റോണ്‍മെന്റിലായിരുന്നു നീതയുടെ താമസം; പ്രിയപ്പെട്ടവന്റെ സ്മരണകളുമായി. ഒരുസ്‌കൂളില്‍ അദ്ധ്യാപന ജോലിയും നോക്കിവരവേ അമിതിന്റെ ഓര്‍മ്മകളെ എങ്ങനെ പിന്തുടരാമെന്ന ചിന്തയില്‍നിന്നാണ് സൈന്യത്തില്‍ ചേരാന്‍ തീരുമാനം എടുത്തത്.
ഇത് ഭര്‍ത്താവിനുള്ള ഒരു ആദരവാണെന്നും അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് നില്‍ക്കുന്ന സമയത്തും തന്നേയും മകനേയും ഏറ്റെടുത്ത സൈന്യത്തിനുള്ള ആദരവാണ് സൈന്യത്തില്‍ ചേരുന്നതിനുള്ള തീരുമാനം എടുക്കാന്‍ കാരണം എന്നീം നീതാ മനസ് തുറന്നു.
സൈന്യത്തിന്റെ സെലക്ഷന്‍ പരീക്ഷയെഴുതി അഭിമുഖത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് നീതാ ഇപ്പോള്‍. ഭര്‍ത്താവ് പഠിച്ച അതേ സ്ഥാപനത്തില്‍ പഠിച്ചാണ് നീതയും മത്സരപ്പരീക്ഷയ്‌ക്കു പോകുന്നത്. മകളുടെ തീരുമാനത്തിന് ഇരുകുടുംബങ്ങളുടേയും പൂര്‍ണ്ണ പിന്തുണയുമുണ്ട്.
















