വെട്ടത്തൂര്‍: മണ്ണാര്‍മല പീടികപ്പടി ജംഗ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മഴയാരംഭിച്ചതോടെ മഴവെള്ളം ഇവിടെ കെട്ടിക്കിടക്കുകയാണ്. വെള്ളം ഒഴിഞ്ഞുപോകാന്‍ അഴുക്കുചാലോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ബസുകള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളും സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരും ദിവസവും ആശ്രയിക്കുന്ന റോഡാണിത്. പച്ചീരി ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന മലവെള്ളമാണ് ഇവിടെ കെട്ടികിടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പ്രശ്ന പരിഹാരത്തിനായി സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ വെള്ളം ഒഴുക്കിവിട്ടിരിക്കുന്നു ഇത്തവണ അതും ഇല്ലാതായിരിക്കുകയാണ്. നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥികളും പ്രദേശത്തെ റേഷന്‍ കടകളിലേക്കും മറ്റും വന്നുപോകുന്നവരും ഈ വെള്ളത്തിലൂടെയാണ് കടന്നുപോകുന്നത്. നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡാണ് ചളിക്കുളമായി രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്തേക്കും സമീപത്തെ കടകളിലേക്കും ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
ടാറിങ് ഇളകി മെറ്റലുകള്‍ നിറഞ്ഞ റോഡിലെ കുഴികളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. റോഡിന്റെ ഈ ശോച്യാവസ്ഥ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അധിക്യതരുടെ ഭാഗത്തു നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: