കോഴിക്കോട്: തലശേരിയില്‍ ദളിത് യുവതിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നീതി ബോധമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാകണം. കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎമ്മുകാരെയും പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളായ പോലീസുകാരെയും ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായ നടപടിയാണ് ഉണ്ടാകുന്നത്. തെറ്റ് തിരുത്താന്‍ സിപിഎം തയ്യാറാകണം. സിപിഎമ്മിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ കീഴ്‌പ്പെടുത്താനുളള ശ്രമം നടക്കുകയാണ്. സിപിഎമ്മിന്റെ ഫാസിസത്തിനെതിരെ ഈ മാസം 27ന് കണ്ണൂരിലെ മഞ്ഞോളിയില്‍ പ്രതിഷേധകൂട്ടായ്‌മ സംഘടിപ്പിക്കും.
കെ. ബാബുവിന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും അത്തരം കാര്യങ്ങള്‍ക്ക് പരസ്യ പ്രതികരണത്തിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ സന്ദര്‍ഭത്തില്‍ അതിന് പറ്റിയ വേദിയില്‍ മറുപടി പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















