ഗുവാഹത്തി: ആസാമിലെ പാവപ്പെട്ടവരുടെ കണക്കെടുക്കാന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. എംഎല്‍എമാരുടെ സഹായത്തോടെയാണ് പട്ടിക പൂര്‍ത്തിയാക്കേണ്ടത്. 15 ദിവസത്തിനകം പട്ടിക പഞ്ചായത്തിനും ഗ്രാമവികസനവകുപ്പിനും നല്‍കണം.
പ്രധാനമന്ത്രിയുടെ പദ്ധതികളായ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, ഫസല്‍ ഭീമ യോജന, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്റ് അപ്പ് ഇന്ത്യ, മുദ്ര യോജന എന്നീ പദ്ധതികള്‍ പ്രകാരം എത്രമാത്രം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്നുള്ളതിന്റെ രേഖകള്‍ രണ്ട് മാസത്തിനകം ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.
വികസനം എല്ലാവരിലേക്കും എത്തുന്നുണ്ടോ എന്നു പരിശോധിക്കനാണിത്. അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശമുണ്ട്.
എല്ലാ ഓഫീസുകളിലും പരാതിപ്പെട്ടികള്‍ വയ്‌ക്കാനും ലഭിച്ച പരാതികള്‍ കാലതാമസം കൂടാതെ പരിഹരിക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മ്മിക്കേണ്ട വീടുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഭരണത്തില്‍ സുതാര്യത വരുത്തുന്നതിനായാണ് ഇത്തരം ശ്രമങ്ങള്‍.
















