ജന്മഭൂമി കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിനെത്തിയ കുട്ടികളുമായി സംവദിക്കുന്ന ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത്
കോഴിക്കോട്: മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനവും അനുമോദനവും നല്കി ജന്മഭൂമിയുടെ പ്രതിഭാസംഗമം. അക്കാദമിക പരീക്ഷകളിലും ജീവിത പരീക്ഷകളിലും വിജയം നേടി മുന്നേറണമെന്ന് ഗുരുസ്ഥാനീയരായ വ്യക്തികള്‍ ഉദാഹരണസഹിതം അവരോട് പറഞ്ഞത് സമൂഹത്തിന് നന്മ നല്‍കാനുള്ള വിദ്യാഭ്യാസം നേടണമെന്നായിരുന്നു. അറിവ് തിരിച്ചറിവാകുമ്പോഴാണ് വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന് പറഞ്ഞു. കള്ളന് മോഷ്ടിക്കാന്‍ കഴിയാത്തതും യാത്രയില്‍ ഭാരമാകാത്തതും ചെലവാക്കുമ്പോള്‍ കൂടിവരുന്നതുമായ വിദ്യാഭ്യാസം സര്‍വ്വധനത്തേക്കാളും പ്രധാനമാണെന്ന പ്രമാണം വിവരിച്ചുകൊണ്ട് വിദ്യയെക്കുറിച്ചുള്ള ശ്രേഷ്ഠസങ്കല്പ്പം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ഉത്തരാവാദിത്തമാണ് ഇത്തരം അനുമോദന സദസ്സുകള്‍ നല്‍കുന്നതെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
സിവില്‍സര്‍വീസ് പഠനത്തിന്റെ ഉള്ളറകളിലേക്കുള്ള പ്രവേശനമായിരുന്നു ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ മുഖ്യപ്രഭാഷണം. സിവില്‍സര്‍വീസ് എന്തിന് തെരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിബുദ്ധിശാലികള്ക്ക് വേണ്ടിയുള്ളതല്ല ഈ മേഖല. സാധാരണക്കാരുടെ ജീവിതം മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധ്യമാകുന്ന തൊഴിലാണിത്. ദൃഢനിശ്ചയമുള്ളവര്‍ക്ക് വേണ്ടി സിവില്‍സര്‍വീസ് അതിന്റെ വാതില്‍ തുറക്കും. വിജയിക്കാന്‍ മനക്കരുത്തും ഒപ്പം ദൈവാധീനവും വേണം. സിവില്‍സര്‍വീസ് പരീക്ഷയെപ്പറ്റിത്തന്നെ ആദ്യം പഠിക്കണം. എല്ലാ രംഗത്തും അഴിമതിയും കുഴപ്പങ്ങളും ഉണ്ടെങ്കിലും യുപിഎസ്സി നടത്തുന്ന ഈ പരീക്ഷ അതിന്റെ പരിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ട്. സാധാരണക്കാരടക്കം എല്ലാവര്ക്കും ഇതില്‍ മുന്നേറാനാകും. എന്നാല്‍ പണമുണ്ടാക്കാനുള്ള ഒരു തൊഴില്‍ എന്ന നിലയില്‍ ഇതിനെ കാണരുത്. ഇതിനേക്കാള്‍ കൂടുതല്‍ പണമുണ്ടാക്കാന്‍ പറ്റിയ തൊഴിലുകള്‍ വേറെയുണ്ട്. വ്യത്യസ്തവും വിരസമല്ലാത്തതും നിയമം സത്യസന്ധമായി നടപ്പിലാക്കാനും പറ്റിയ മേഖലയാണിത്. അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്, ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, ജന്മഭൂമിപ്രസാധകന് പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. നന്ദനന്‍ മാസ്റ്റര്‍ എന്നിവരുടെ പ്രഭാഷണങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്കുന്നതായിതുന്നു. എസ്ബിഐ നടക്കാവ് ബ്രാഞ്ച് ചീഫ് മാനേജര്‍ ജയറാം, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ്, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്. മഹിപാല്‍, സീനിയര്‍ സബ്എഡിറ്റര്‍ എം.കെ. രമേഷ്കുമാര്‍, സര്‍ക്കുലേഷന്‍ ഇന്‍ചാര്‍ജ്ജ് കെ.വി. ബൈജു എന്നിവരും ചടങ്ങില്‍ സംസാരിച്ചു. നിലീന പി.സി., ഹര്‍ഷ രമേഷ് എന്നിവരുടെ വന്ദേമാതരത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്.


















