കോഴിക്കോട്: നഗരത്തെ പരിഭ്രാന്തിയിലാഴ്‌ത്തി മിഠായ്‌ത്തെരുവില്‍ തീ. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് മിഠായ്‌തെരുവില്‍ തീയെന്ന വാര്‍ത്ത നഗരത്തില്‍ പ്രചരിച്ചത്. സംഭവം ചാനലുകളിലും വാര്‍ത്തയായതോടെ തീ പിടിച്ച കടതേടിയായി പലരുടെയും നടത്തം. മിഠായ്‌ത്തെരുവില്‍ തീപിടിത്തമെന്ന വാര്‍ത്ത അല്പനേരമെങ്കിലും നഗരത്തില്‍ പരിഭ്രാന്തിക്ക് കാരണമായി.
മിഠായിത്തെരുവിലെ തുണിക്കടയിലെ മെയിന്‍ സ്വിച്ച് ബോര്‍ഡില്‍ സ്ഥാപിച്ചിരുന്ന മീറ്റര്‍ പൊട്ടിത്തെറിച്ചതാണ് പരിഭ്രാന്തിക്ക് കാരണമായത്. സംഗീത് മിക്‌സ് മാച്ച് എന്ന സ്ഥാപനത്തിലെ മീറ്ററാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് മീറ്ററിനുള്ളില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു. പൊട്ടിത്തെറി ശബ്ദംകേട്ട് ഓടിയെത്തിയ അടുത്ത കടകളിലെ ജീവനക്കാരാണ് തീയണച്ചത്. മീറ്റര്‍ ഭാഗികമായി കത്തിയമര്‍ന്നു. മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. സംഭവം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘവും പോലീസും കെഎസ്ഇബി അധികൃതരും എത്തിയെങ്കിലും അപ്പോഴേയ്‌ക്കും തീ അണച്ചിരുന്നു. സ്ഥലത്ത് എത്തിയ കെഎസ്ഇബി അധികൃതര്‍ കടയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കടക്ക് സമീപം മിഠായ്‌തെരുവിന് കുറുകെ തണലിനായി കെട്ടിയിരുന്ന ഷീറ്റുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. ഷോട്ട്‌സര്‍ക്യൂട്ടാണ് മീറ്റര്‍ പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. അശോകപുരം സ്വദേശി സബീഷാണ് സംഗീത് മിക്‌സ് മാച്ചിന്റെ ഉടമ.
ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിന്റ ഒന്നാംനിലയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിലേക്ക് കയറുന്ന ബാല്‍ക്കണിയുടെ ചുമരിലാണ് മീറ്റര്‍ സ്ഥീപിച്ചിരുന്നത്. മീറ്റര്‍ പൊട്ടിത്തെറിച്ചതോടെ കടയ്‌ക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. പതിനഞ്ചോളം ജീവനക്കാരും വസ്ത്രങ്ങള്‍ വാങ്ങാനെത്തിയ ഇരുപതോളം പേരും അപ്പോ ള്‍ കടയ്‌ക്കകത്തുണ്ടായിരുന്നു. തൊട്ടടുത്ത കടയിലെ ജീവനക്കാരുടെ ഇടപെടലാണ് തീ പടരുന്നത് തടഞ്ഞത്. പകല്‍സമയമായതിനാലും പെട്ടെന്ന് തന്നെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാലും വന്‍അപകടമാണ് ഒഴിവായത്. ഉച്ചസമയമായതിനാല്‍ മിഠായ്‌ത്തെരുവില്‍ നല്ല തിരക്കുമുണ്ടായിരുന്നു. രാത്രിയാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നാണ് മിഠായ്‌ത്തെരുവിലെ കടക്കാര്‍ ചോദിക്കുന്നത്.
















