കരുവാരക്കുണ്ട്: രോഗികളായ ആദിവാസികള്‍ക്ക് കാരുണ്യ സ്പര്‍ശവുമായി കരുവാരക്കുണ്ട് പോലീസ്. സ്റ്റേഷന് പരിധിയിലെ കോളനികളിലെ രോഗികളായ ആദിവാസികള്‍ക്ക് ചികിത്സ ഒരുക്കിയാണ് പോലീസിന്റ മാതൃക പ്രവര്‍ത്തനം.
പഞ്ചായത്തിലെ പുറ്റള്ള, ചേരി, പറയന്മേട്, നെല്ലിക്കലടി തുടങ്ങി ആദിവാസി കോളനികളിലെ രോഗികള്‍ക്കും, ശരീരം തളര്‍ന്ന് കിടപ്പിലായവര്ക്കുമാണ് എസ്ഐ പി.ജോതീന്ദ്രകുമാറിന്റെ നേത്യത്വത്തില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ഒരുക്കിയത്. മഴക്കാലമായതോടെ തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ സൗജന്യമായി കോളനികളില്‍ പായയും, പുതപ്പും വിതരണം ചെയ്തിരുന്നു. ഇതിന്റെ വിതരണത്തിന് വേണ്ടി കോളനികളില്‍ പോയ എസ്ഐ കണ്ടത് മഴക്കാല രോഗങ്ങളില്‍ അകപ്പെട്ട് ചികിത്സ കിട്ടാതെ ശരീരം തളര്‍ന്ന് എഴുന്നേല്ക്കാന് കഴിയാതെ നിലത്ത് കിടക്കുന്നവരെയുമായിരുന്നു.
കേളനികളില് നിന്ന് കിലോമീറ്ററോളം കാല്‍നട യാത്ര ചെയ്തു വേണം ഇവര്‍ക്ക് കരുവാരക്കുണ്ടിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്താന്‍. മഴക്കാല മായതോടെ ജോലിക്കു പോലും പോവാന്‍ കഴിയാതെ പ്രയാസത്തിലായ ആദിവാസികള്‍ കൈയില്‍ പണമില്ലാത്തതിനാലാണ് ചികിത്സ തേടാന്‍ മടിക്കുന്നത്.
ഇങ്ങനെ കോളനികളില്‍ കഴിഞ്ഞിരുന്ന ആദിവാസികളെയാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കാന് തീരുമാനിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെടുകയും കോളനികളിലെ രോഗികളായ ആദിവാസികള്‍ക്ക് സൗജന്യമായി ചികിത്സ നല്കാന് ആശുപത്രി അധികൃതര്‍ തയ്യാറാവുകയ്യും ചെയ്തു.
തുടര്‍ന്നാണ് ആദിവാസി മൂപ്പന് ഉള്‍പ്പെടെയുളള പതിനഞ്ച് അംഗ സംഘത്തെ ആശുപത്രിയില്‍ എത്തിച്ചത്. എഎസ്ഐ മുഹമ്മദാലി, സിപിഒമാരയ അന്‍സാര്‍, സിന്ധു, ജോണ്സണ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: