പരപ്പനങ്ങാടി: അസീസിന്റെ കൈപുണ്യത്തിന്റെ രുചിയറിയാതെ ചെട്ടിപ്പടി റെയില്‍വേ ലെവല്‍ ക്രോസിലൂടെ ആരും കടന്നുപോകില്ല. അസീസിന്റെ ഒറ്റമുറി ചായക്കട എപ്പോഴും സജീവമാണ്. റംസാന് മാസത്തില്‍ മാത്രം ഉച്ചക്ക് രണ്ട് മണിക്കാണ് കച്ചവടം ആരംഭിക്കുക. കൃത്രിമരാസവസ്തുക്കളോ മായമോ ചേര്‍ക്കാതെ അസീസ് സ്വന്തം കൈകൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. രുചിയില്‍ മാത്രമല്ല വിലയിലും നല്ല വിത്യാസമുണ്ട്. അസീസിന്റെ പലഹാരങ്ങള്‍ തേടി ദൂരസ്ഥലങ്ങളില്‍ നിന്നുപേലും ആളുകളെത്തുന്നു. ചെറിയ വിലക്ക് വലിയ രുചി വില്‍ക്കുന്നതാണ് അസീസിന്റെ വിജയരഹസ്യം. കടയില്‍ തിരക്ക് വര്‍ധിച്ചാല്‍ ഒറ്റമുറി കടയില്‍ ഇന്ദ്രജാലക്കാരനെ പോലെ അസീസ് ഓടി നടക്കും, എല്ലാവര്ക്കും വേണ്ടത് നല്‍കും. ഈ ഒറ്റയാള്‍ കച്ചവടം അസീസിന് ഉപജീവനമാര്‍ഗമാണെങ്കില്‍ മടിയന്മാരായ പുതുതലമുറക്ക് ഒരുപാഠമാണ്.
വട, പക്കാവട, ഉള്ളിവട, പരിപ്പുവട, സമൂസ, സുഗിയന്‍, കാരക്കബജി, പഴംപൊരി, കായബജി തുടങ്ങിയ രുചിഭേദങ്ങള്‍ കടയിലെ അലമാരയില്‍ നിറയും. പക്ഷേ നിറയുന്നതിനേക്കാള്‍ വേഗത്തില്‍ കാലിയാകുകയും ചെയ്യും. ഒരിക്കല്‍ ഇവയുടെ രുചി അറിഞ്ഞവര്‍ പിന്നെയും പിന്നെയും ഈ ഒറ്റമുറി കട തേടിയെത്തും. വിഷരഹിതമായ വിഭവങ്ങളൊരുക്കുന്ന ഈ ചെറുപ്പക്കാരന്റെ കൈപ്പുണ്യമറിയുകയാണ് നാടും നാടിന്റെ മനസ്സും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: