ടെക്സാസ്: കോപ്പ അമേരിക്ക കിരീടത്തിലേക്ക് അര്‍ജന്റീനയ്ക്ക് ഇനി ഒരു ചുവട്. കഴിഞ്ഞ തവണ ചിലിക്കു മുന്പില് കൈവിട്ട പട്ടം ഇത്തവണ സ്വന്തമാക്കാനുള്ള പ്രയാണത്തിനിടെ വീണ്ടുമൊരു തകര്‍പ്പന്‍ ജയം. സെമിഫൈനലില്‍ ലയണല്‍ മെസിയും സംഘവും തിമിര്‍ത്താടിയപ്പോള്‍ യുഎസ് നിലംപരിശായി.
എതിരില്ലാത്ത നാലു ഗോളിന് യുഎസിനെ മുക്കി അര്‍ജന്റീന ഫൈനലില്‍. ഗൊണ്‍സാലോ ഹിഗ്വെയ്ന്റെ ഇരട്ട ഗോളും ലയണല്‍ മെസി, എസ്ക്വെല്‍ ലാവെസി എന്നിവരുടെ ഗോളുകളുമാണ് അര്‍ജന്റീനയ്ക്ക് ജയമൊരുക്കിയത്. കരിയറിലെ 55ാം ഗോള്‍ നേടിയ ലയണല്‍ മെസി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് അര്‍ജന്റീയുടെ എക്കാലത്തെയും വലിയ ഗോള്നേട്ടക്കാരനെന്നതിനും ഉടമയായി.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ലാവെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. മെസിയുമായി ചേര്‍ന്നുള്ള നീക്കം ഗോളില്‍ കലാശിച്ചത്. അമേരിക്കന്‍ പ്രതിരോധത്തെ കബളിപ്പിച്ച് മെസി ഉയര്‍ത്തി നല്കിയ പന്ത് ലാവെസി വലയുടെ പിന്‍വശത്തേക്ക് ഹെഡ്ഡ് ചെയ്തിട്ടു. മുന്‍തൂക്കം നേടിയതിന്റെ ആവേശത്തില്‍ ആക്രമണം ശക്തമാക്കി അര്‍ജന്റീന.
32ാം മിനിറ്റില്‍ മെസിയിലൂടെ ടീം ലീഡുയര്‍ത്തി. തകര്‍പ്പനൊരു ഫ്രീ കിക്കാണ് ഗോളിലെത്തിയത്. ക്രിസ് വൊണ്ടോള്വ്സ്കി മെസിയെ വീഴ്ത്തിയതിനാണ് ഫ്രീ കിക്ക് ലഭിച്ചത്. മെസിയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റിന്റെ വലതു മുകള്‍ മൂലയില്‍ ഭദ്രം.
രണ്ടാം പകുതിയിലാണ് ഹിഗ്വെയ്ന്റെ ഇരട്ട ഗോളുകള്‍. 50ാം മിനിറ്റില്‍ ആദ്യ ഗോള്‍. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഹിഗ്വെയ്ന് ആദ്യം തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ ഗുസാന്റെ കാലില്‍ തട്ടി തിരികെയത്തി. പന്ത് പിടിച്ചെടുത്ത ഹിഗ്വെയ്ന് വീണ്ടും പോസ്റ്റിലേക്ക് നിക്ഷേപിച്ചു. കളിയവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ ഹിഗ്വെയ്ന് പട്ടിക തികച്ചു.
മെസിക്കൊപ്പം ചേര്‍ന്നുള്ള നീക്കമാണു ഗോളില്‍ കലാശിച്ചത്. യുഎസ് പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറി ഹിഗ്വെയ്നു കൈമാറി. താരം പന്ത് ഗോളിലേക്കു തിരിച്ചുവിട്ടു. സ്വയം പോസ്റ്റിലേക്ക് തൊടുക്കാവുന്ന പന്താണ് മെസി ഹിഗ്വെയ്ന് കൈമാറിയത്.
മെസി, ലാവെസി, ഹിഗ്വെയ്ന് എന്നിവരെ മുന്നേറ്റത്തില്‍ നിയോഗിച്ച് 4-3-3 ശൈലിയിലാണ് ജെറാര്‍ഡ് മാര്‍ട്ടിനൊ അര്‍ജന്റീനയെ വിന്യസിച്ചത്.
അഗസ്റ്റോ, മഷെരാനോ, എവര്‍ ബനേഗ എന്നിവര്‍ മധ്യനിരയിലും കളിച്ചു. വൊണ്ടൊള്വ്സ്കിയെയും ഡെംപ്സിയെയും മുന്നേറ്റത്തില്‍ നിയോഗിച്ച് 4-4-2 ശൈലിയിലാണ് അമേരിക്ക ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: