പൊന്നാനി: അറബി ഒന്നാം ഭാഷയായി പഠിച്ച് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കാനുള്ള മാറഞ്ചേരി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി. ഇതിനെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന അനുമോദന ചടങ്ങിലാണ് അറബി പഠിച്ചവര്‍ക്ക് മാത്രം മെഡല്‍ നല്കാന് സംഘാടകര്‍ ശ്രമിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കുന്നതില്‍ നിന്ന് തല്ക്കാലം സംഘാടര്‍ പിന്മാറുകയായിരുന്നു. നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്ത പരിപാടിയുടെ നോട്ടീസില്‍ മെഡല്‍ വിതരണം പ്രത്യേകം അച്ചടിക്കുകയും ചെയ്തിരുന്നു. അറബിയോടുള്ള വിരോധമല്ല പ്രതിഷേധത്തിന് കാരണമെന്നും. രാഷ്ട്ര ഭാഷയായ ഹിന്ദിക്കും മാതൃഭാഷയായ മലയാളത്തിനും ലഭിക്കാത്ത പ്രത്യേക പരിഗണ അറബിക്ക് നല്‍കുന്നത് എന്തിനാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് സംഭവത്തെ കുറിച്ച് അന്വേഷിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ യുവമോര്‍ച്ച ആവിഷ്ക്കരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ശിതു കൃഷ്ണന്, വിജീഷ് പൊന്നാനി, അനില്‍കുമാര്‍ വളാഞ്ചേരി, റിജി തിരൂരങ്ങാടി, കെ.പി.മണികണ്ന്, പ്രശാന്ത് തവനൂര്‍, അജയ് വള്ളിക്കുന്ന്, രതീഷ് അങ്ങാടിപ്പുറം, ഷിനോജ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: