വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തില്‍ അനധികൃത ചെങ്കല്‍ ക്വാറികള്‍ വ്യാപകമാകുന്നതായി പരാതി. പുറമണ്ണൂര്‍, മങ്കേരി ഭാഗങ്ങളില്‍ വ്യാപകമായ രീതിയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ മെഷിന് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പഞ്ചായത്തിന്റെയോ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് മിക്ക ക്വാറികളും പ്രവര്‍ത്തിക്കുന്നത്. ക്വാറികളില്‍ ഭൂരഭാഗവും പ്രവര്‍ത്തിക്കുന്നത് ജനവാസകേന്ദ്രത്തിലാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന പുറമണ്ണൂരില്‍ വികെഎം സ്പെഷ്യല്‍ സ്കൂളിന്റെ പരിസരത്തും ഇത്തരത്തിലുള്ള അനധികൃത ഖനനം നടക്കുന്നുണ്ട്.
വിടുവെക്കാന്‍ സ്ഥലം നിരത്തുകയാണെന്ന വ്യാജേനയാണ് റോഡരികിലെ ഖനനം. മങ്കേരിയിലെ ഒരു ക്വാറി പുരാതനമായ രുദ്രമഹാകാളി ക്ഷേത്ര ദേവസ്വത്തിന്റെ ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഭക്തരുടെ പ്രതിഷേധങ്ങള്‍ വകവെക്കാതെ ഇപ്പോഴും ഇവിടെ ഖനനം നടക്കുന്നു. അനുമതിയുണ്ടെന്ന് അവകാശപ്പെടുന്ന ക്വാറികളുടെ രേഖകള്‍ പരിശോധിച്ചാല്‍ എല്ലാം വ്യാജമാണെന്ന് വ്യക്തമാകുമെന്ന് നാട്ടുകാര്‍ പറയുന്നു, ഉദ്യോഗസ്ഥതലത്തില്‍ ക്വാറി മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.
ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാതെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഇരിമ്പിളിയം മങ്കേരിയിലെ ശുദ്ധജലവിതരണ പദ്ധതിയുടെ ഭൂതല ജലസംഭരണി സ്ഥിതിചെയ്യുന്ന ടാങ്കിനോട് ചേര്‍ന്ന് ഒരു ക്വാറി സമീപകാലത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ളം വിതരണം പദ്ധതിയെ ഇത് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പഞ്ചായത്തിലെ അനധികൃത ചെങ്കല്‍ ഖനനം നിര്‍ത്തണമെന്നും, ആര്ഡിഒതലത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നാട്ടുകാര്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്ക്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: