ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അനുദിനം വർധിച്ച് വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കരുതി കൂട്ടി മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തികളാണ് ഇസ്ലാം വർഗീയ വാദികൾ പാക്കിസ്ഥാനിൽ കാട്ടിക്കൂട്ടുന്നത്.
ഇപ്പോൾ ഇതാ ഹൈന്ദവതയുടെ പൂർണ രൂപമായ ഓംകാരത്തെ ചെരുപ്പുകളിൽ ആലേഖനം ചെയ്തിരിക്കുകയാണ്. ഹിന്ദുക്കൾ കൂടുതലായും അധിവസിക്കുന്ന സിന്ധ് പ്രവിശ്യയിലെ താഡോ ആഡം ഖാന പ്രദേശത്തെ ചില കച്ചവട കേന്ദ്രങ്ങളിലാണ് ഓംകാരം ആലേഖനം ചെയ്ത ഷൂസുകൾ വിൽക്കുന്നത്. ഇതിനെതിരെ പ്രദേശത്തെ ഹിന്ദു സംഘടനകളിൽ നിന്നും കനത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
പാക്കിസ്ഥാനിലെ ഹിന്ദു കൗൺസിൽ സമിതി നേതാവ് രമേശ് കുമാറിന്റെ നേതൃത്വത്തിൽ സിന്ധ് സർക്കാരിനും പ്രാദേശിക ഭരണകൂടത്തിനും ഇത് സംബന്ധിച്ച് പരാതി നൽകി. ഈദുൽ അസയോട് അനുബന്ധിച്ച് പ്രദേശത്തെ മത വർഗീയവാദികൾ ഇത്തരത്തിൽ ഹൈന്ദവ മൂല്യങ്ങളെ അവഹേളിക്കുന്നത് വളരെയധികം വേദനാജനകവും അപഹാസ്യകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
മനപ്പൂർവ്വം ഹിന്ദുക്കളുടെ മത വികാരത്തെ വൃണപ്പെടുത്താൻ ചെരുപ്പുകളുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്, എത്രയും വേഗം ഇവ നവമാധ്യമങ്ങളിൽ നിന്നും പിൻവലിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സിന്ധ് പ്രവിശ്യയിലെ പലഭാഗങ്ങളിലും ഇത്തരത്തിൽ ഓംകാരം പതിപ്പിച്ച ചെരുപ്പുകൾ വിൽക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നവമാധ്യമങ്ങളിലും ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.
















