ന്യൂയോർക്ക്: ഹോളിവുഡിലെ യുവനടൻ ആന്റൺ യെൽചിൻ(27) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സ്റ്റാർ ട്രെക്ക് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ആന്റൺ യെൽചിൻ. ഞായറാഴ്ച ഒരുമണിയോടെയാണ് അപകടം നടന്നത്.
ലോസാഞ്ചൽസിലെ തന്റെ സ്റ്റുഡിയോവിലേക്ക് പോകുന്ന വഴിയിൽ വച്ച് താരം സഞ്ചരിച്ച കാർ റോഡിനു സമീപത്തുണ്ടായിരുന്ന തൂണിന്മേൽ ഇടിച്ച് കയറുകയായിരുന്നു. അപകടം നടന്ന ഉടനെ ആന്റണെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
റഷ്യൻ വംശജനായ ആന്റൺ ഹോളിവുഡിൽ ഏറെ പ്രശസ്തിയാർജ്ജിച്ച് വരുന്നതിനിടയിലാണ് മരണപ്പെടുന്നത്. പഴയ സിനിമകളില്‍ വാള്‍ട്ടര്‍ കോയിംഗ് അഭിനയിച്ച് അനശ്വരമാക്കിയ ‘പാവെല്‍ ചെകോവ്’ എന്ന വേഷമാണ് യെല്‍ചിനു പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്.
2009, 2014 വർഷങ്ങളിൽ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ആക്ഷനായ സ്റ്റാർ ട്രെക്ക് സിനിമ പരമ്പരകളിൽ താരം പാവെൽ ചെകോവിന്റെ വേഷമാണ് ചെയ്തത്. ഇതിനു പുറമെ ക്രേസി(2011), ഗ്രീൻ റൂം(2015), ടെർമിനേറ്റർ സാൽവേഷൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ അടുത്ത ചിത്രമായ സ്റ്റാര്‍ ട്രെക് ബിയോണ്ട് ജൂലൈ 22ന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: