ഭോപ്പാല്‍: ഓടുന്ന ട്രെയിനില്‍ 24 കാരി സവിതയ്‌ക്ക് സുഖപ്രസവം. റെയില്‍വേ ജീവനക്കാരും ലേഡി ഡോക്ടറും പ്രസവാനന്തര ശുശ്രൂഷയും നിര്‍വ്വഹിച്ചു. പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ അമ്മയും കുഞ്ഞും അച്ഛനും അതേ ട്രെയിനില്‍ തന്നെ യാത്രയും തുടര്‍ന്നു.
വെള്ളിയാഴ്ച രാത്രി ഹൈദരാബാദിനുള്ള ഡെക്കാണ്‍ എക്സ്പ്രസിന്റെ എ ഒന്ന് കോച്ചിലെ 20ാം നമ്പര്‍ ബെര്‍ത്തില്‍ വിശ്രമിക്കുകയായിരുന്ന സവിതയ്‌ക്ക് മധ്യപ്രദേശിലെ ബീനാ സ്‌റ്റേഷന്‍ എത്തുന്നതിന് (ഇവിടെ സ്‌റ്റോപ്പില്ല) അരമണിക്കൂര്‍ മുന്‍പ് ഒന്‍പതുമണിയോടെയാണ് പ്രസവവേദന തുടങ്ങിയത്.
ഭര്‍ത്താവ് കാംത വിവരം റെയില്‍വേ ജീവനക്കാരെ അറിയിച്ചു. റെയില്‍വേ അടിയന്തരമായി ബീനാസ്‌റ്റേഷനില്‍ ലേഡി ഡോക്ടറെയും നഴ്‌സുമാരെയും മറ്റും വിളിച്ചുവരുത്തി സജ്ജമാക്കി നിര്‍ത്തി. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും എന്തു സഹായത്തിനും സന്നദ്ധരായി അവിടെയെത്തി.
ട്രെയിന്‍ രാത്രി 9.40ന് അവിടെ നിര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിനകം സവിത പ്രസവിക്കുകയും ചെയ്തു. മറ്റു യാത്രക്കാരും ജീവനക്കാരും അവര്‍ക്ക് തുണയായി. ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തുന്നതിന് പത്തു മിനിറ്റു മുന്‍പായിരുന്നു സുഖപ്രസവം. ആണ്‍കുട്ടി. ബീനാ സ്‌റ്റേഷന്‍ മാനേജര്‍ മഹേന്ദ്ര സിങ് പറഞ്ഞു.
തുടര്‍ന്ന് ഡോക്ടറും നഴ്‌സും ചേര്‍ന്ന് അമ്മയേയും കുരുന്നിനെയും ശുശ്രൂഷിച്ച് വേണ്ട നടപടികള്‍ കൈക്കൊണ്ടു. അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ റെയില്‍വേ സന്നദ്ധമായെങ്കിലും അമ്മയ്‌ക്കും കുഞ്ഞിനും സുഖമാണെന്നും യാത്ര തുടരാനാണ് താല്പ്പര്യമെന്നും സവിതയും കാംതകയും പറഞ്ഞു. തുടര്‍ന്ന് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. ഇരുവരും റെയില്‍വേയ്‌ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞ് വീട്ടിലേക്ക് യാത്ര തുടര്‍ന്നു.
















