അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയ്‌ക്ക് കാരണം കോണ്‍ഗ്രസ് മുന്‍ എംപി ഇസ്ഹാന്‍ ജാഫ്രി നടത്തിയ വെടിവെപ്പും തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണെന്ന് കോടതിയുടെ കണ്ടെത്തല്‍. എട്ടുതവണയാണ് ജാഫ്രി ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഗുജറാത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 11 പ്രതികള്‍ക്ക് പ്രത്യേക കോടതി കഴിഞ്ഞ ദിവസം ജീവപര്യന്തം തടവ് വിധിച്ചിരുന്നു. വിധി തൃപ്തികരമല്ലെന്ന് ജഫ്രിയുടെ ഭാര്യ സാക്കിയ കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിച്ചിരുന്നു. കെട്ടിടത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ജാഫ്രി നടത്തിയ വെടിവെപ്പില്‍ ജനക്കൂട്ടം പ്രകോപിതരാകുകയും തുടര്‍ന്ന് സംഘര്‍ഷം നിയന്ത്രണാതീതമാകുകയും ചെയ്തുവെന്നാണ് പ്രത്യേക കോടതി ജഡ്ജി പി.ബി ദേശായ് അദ്ദേഹത്തിന്റെ ഉത്തരവില്‍ പറയുന്നത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാവുന്നത്രയും പോലീസ് സന്നാഹം അപ്പോഴുണ്ടായിരുന്നില്ല. 2002 ഫെബ്രുവരി 28നാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയെന്ന പാര്‍പ്പിട സമുച്ചയത്തില്‍ കൂട്ടക്കൊല അരങ്ങേറിയത്. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പരന്നതോടെയാണ് അക്രമം പരിധിവിട്ടത്. കോടതി പറയുന്നു.
ഗുജറാത്ത് പോലീസിനെതിരായ ആരോപണം നിര്‍ത്താനുള്ള സമയമായി: കോടതി
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന്റെ പേരില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് പ്രത്യേക കോടതി. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിധിയിലാണ് ജഡ്ജി പി.ബി ദേശായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കലാപ സമയത്ത് പോലീസ് നിഷ്‌ക്രീയരായിരുന്നുവെന്നും മറ്റുമുള്ള ആരോപണങ്ങളാണ് കാലങ്ങളായി ഉയരുന്നത്. അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ പി.സി പാണ്ഡെ, ജോയിന്റ് കമ്മീഷണര്‍ എം.കെ ഠാണ്ഡന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ പി.ബി ഗാന്ധി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് പലകുറി ഉയര്‍ന്നിട്ടുള്ള ആവശ്യം. കോടതികള്‍ ഈ ആവശ്യം നിരാകരിച്ചിട്ടുള്ളതുമാണ്.
സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ ഈ ആവശ്യം അംഗീകരിക്കരുതെന്നാണ് കോടതിയില്‍ പറഞ്ഞിട്ടുള്ളതും. ഇക്കുറിയും സാക്കിയ ജാഫ്രി ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതു തള്ളവേയാണ് ഇനി ഇത്തരം വാദങ്ങങ്ങള്‍ ഉന്നയിരുതെന്ന് പ്രത്യേക ജഡ്ജി പി.ബി ദേശായി പറഞ്ഞിട്ടുള്ളത്.
















