മലപ്പുറം: വിദ്യാര്‍ത്ഥികള്‍ ഇരിക്കരുത്. ഇത് അപേക്ഷയല്ല പകരം സ്വകാര്യ ബസ് ജീവനക്കാരുടെ കല്പ്പനയാണ്, ബസില്‍ എത്ര സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണെങ്കിലും വിദ്യാര്‍ത്ഥിയാണെങ്കില്‍ നില്‍ക്കണം.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള ജില്ലയാണ് മലപ്പുറം. ഇതില്‍ 80 ശതമാനം വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യാന്‍ ആശ്രയിക്കുന്നതാകട്ടെ സ്വകാര്യ ബസുകളെയും. രാവിലെ സ്കൂളിലേക്കും തിരിച്ച് വൈകിട്ട് വീട്ടിലേക്കുമെത്താന് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ജില്ലയിലെ ഓരോ പ്രധാന ബസ് സ്റ്റാന്‍ഡുകളിലും രാവിലെയും വൈകുന്നേരവും ഓരോ ബസിന്റെയും വാതിലിന് മുന്നില്‍ നീണ്ടനിര കാണാം. 50ഉം 60ഉം കുട്ടികള്‍ വരിയിലുണ്ടെങ്കിലും ബസില്‍ കയറാന്‍ ഭാഗ്യം ലഭിക്കുന്നത് അതില്‍ അഞ്ചോ ആറോ പേര്‍ക്ക് മാത്രമായിരിക്കും. ബാക്കിയുള്ളവര്‍ അടുത്ത ബസിനായി കാത്തുനില്ക്കണം. അടുത്ത ബസ് വന്നാലും ഇതു തന്നെയാണ് അവസ്ഥ. വരിയുടെ ഏറ്റവും അവസാനം നില്ക്കുന്നയാള് ബസില്‍ കയറാന്‍ രണ്ട് മണിക്കൂറെങ്കിലുമാകും. അതായത് നാല് മണിക്ക് സ്കൂളില്‍ നിന്നിറങ്ങിയ കുട്ടി വീട്ടിലേക്ക് പോകാന്‍ ബസ് കയറുമ്പോള്‍ സമയം ആറുമണി. ഒരുമണിക്കൂര്‍ നീണ്ട യാത്ര വീട്ടിലേക്കുണ്ടെങ്കില്‍ വീട്ടിലെത്തുമ്പോള്‍ ഏഴ് മണി. സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് അനുവദിച്ചത് സര്‍ക്കാരാണ് പക്ഷേ അവരുടെ യാത്ര സുഗമമായി നടക്കുന്നുണ്ടോയെന്ന് ആരും പരിശോധിക്കാറില്ല.
ബസ് ജീവനക്കാരും ഈ കാര്യത്തില്‍ നിസഹായരാണ്, കാരണം ബസില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കയറ്റിയെന്ന് മുതലാളി അറിഞ്ഞാല്‍ പിറ്റേ ദിവസം മുതല്‍ ജോലി ഉണ്ടാകില്ല. സെക്കന്റുകളുടെ വിത്യാസത്തിലാണ് ഓരോ റൂട്ടിലും പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. രാവിലെയും വൈകുന്നേരവും ആണ് കുറച്ച് ടിക്കറ്റുകള്‍ കയറുക. ആ സമയത്ത് ബസില്‍ നിറയെ കുട്ടികളായാല്‍ ആളുകള്‍ കയറില്ല. ഇത്തരം പ്രശ്നങ്ങള്‍ ബസ് തൊഴിലാളികള്‍ നിരത്തുമ്പോഴും വിദ്യാര്‍ത്ഥികള്‍ എങ്ങനെ യാത്ര ചെയ്യുമെന്ന ചോദ്യത്തിന് മാത്രം അവര്‍ക്ക് ഉത്തരമില്ല. ഉത്തരം കണ്ടെത്തേണ്ട അധികൃതരാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: