റിയോ ഡി ജനീറോ: ബ്രസീലിൽ 16 കാരിയായ പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത് കേസിലെ ഏഴ് പ്രതികൾക്കെതിരെ പോലീസ് കേസ് റജിസ്ട്രർ ചെയ്തു. 15 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം അവസാനമാണ് പെൺകുട്ടിയെ എഴംഗ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. കാമുകനെ സന്ദർശിച്ച ശേഷം മടങ്ങി വരവെയാണ് അക്രമി സംഘം പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്തത്. പെൺകുട്ടിക്ക് മയക്ക് മരുന്ന് നൽകുകയും അക്രമികൾ മാറി മാറി പീഡിപ്പിക്കുന്നത് വീഡിയോയായി ചിത്രീകരിക്കുകയും ചെയ്തു.
തുടർന്ന് അക്രമികൾ ഇത് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിനെതിരെ ബ്രസീലിൽ വ്യാപകമായരീതിയിലുള്ള പ്രതിഷേധ പരിപാടികളുമായി വനിതാ സംഘടനകൾ രംഗത്തെത്തി. സംഭവം ഗൗരവമായി തന്നെ കാണുമെന്നും സ്ത്രീ സുരക്ഷക്ക് വേണ്ടി സർക്കാർ നടപടികളെടുക്കുമെന്നും പ്രസിഡൻറ് മൈക്കൽ ടെമർ അറിയിച്ചിരുന്നു.
ലാറ്റിനമേരിക്കർ രാജ്യമായ ബ്രസീലിൽ സ്ത്രീകൾക്കെതിരെ അക്രമ പരമ്പരകൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
















