അഹമ്മദാബാദ്: ഗുജറാത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 11 പ്രതികള്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ ബാക്കി 13 പേരില്‍ ഒരാള്‍ക്ക് പത്തു വര്‍ഷവും 12 പേര്‍ക്ക് ഏഴു വര്‍ഷവും തടവുമാണ് കോടതി വിധിച്ചത്. പല വകുപ്പുകളിലുള്ള ശിക്ഷകള്‍ എല്ലാം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. കൊലപാതകം, സംഘം ചേരല്‍, ഐക്യം തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രതികളില്‍ ഒന്‍പതു പേര്‍ 14 വര്‍ഷമായി ജയിലിലാണ്.
കൂട്ടക്കൊലയ്‌ക്കു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ജഡ്ജി പി.ബി. ദേശായി തള്ളി. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് എംപി: എഹ്‌സാന്‍ ജാഫ്രി നിരവധി തവണ വെടിയുതിര്‍ത്തതോടെയാണ് ജനക്കൂട്ടം അക്രമമാരംഭിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
പ്രതികളുടെ ശിക്ഷ കുറയ്‌ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം കോടതി വിലക്കിയിട്ടില്ല. മാത്രമല്ല പ്രതികള്‍ സമൂഹത്തിന് ശല്യമല്ലെന്നും അവരെ സമൂഹത്തിന് മാറ്റിയെടുക്കാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചിട്ടുമുണ്ട്.
ഗോധ്രയില്‍ വച്ച് സബര്‍മതി എക്‌സ്പ്രസിന് തീയിട്ട് 59 രാമസേവകരെ ചുട്ടുകൊന്നതിനോടുള്ള പ്രതികരണമായിരുന്നു ചിലയിടങ്ങളിലുണ്ടായ കലാപം. അതിനിടെ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തില്‍ മുന്‍കോണ്‍ഗ്രസ് എംപി: എഹ്‌സാന്‍ ജാഫ്രിയടക്കം 69 പേരാണ് കൊല്ലപ്പെട്ടത്.
2002 ഫെബ്രുവരി 28 നായിരുന്നു സംഭവം.
കേസില്‍ നാലു ജഡ്ജിമാര്‍ മുന്‍പാകെയായി,ഏഴു വര്‍ഷമാണ് വിചാരണ നടന്നത്. കേസില്‍ 66 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആറു പേര്‍ വിചാരണക്കിടെ മരിച്ചു.ഈ ജൂണ്‍ രണ്ടിന് മറ്റ് 60 പേരില്‍ 36 പേരെ കുറ്റവിമുക്തരാക്കിയ കോടതി 24 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തത്തുകയും ചെയ്തു.
കൈലാസ് ധോബി, യോഗേന്ദ്ര ഷെഖാവത്ത്, ജയേഷ് ജിഞ്ചര്‍, കൃഷ്ണകല,ജയേഷ് പാര്‍മര്‍, രാജു തിവാരി,നാരായണ്‍ ചന്നേവാല, ലക്ഷ്മണ്‍ സിങ് ചുദാസാമ, ഭാരത് തേലി, ഭാരത് രാജ്പുത്, ദിനേഷ് ശര്‍മ്മ എന്നിവര്‍ക്കാണ് ജീവപര്യന്തം. മനിങ് ലാല്‍ ജെയ്‌നാണ് പത്തു വര്‍ഷം തടവ് ലഭിച്ചത്. ടി. സുരേന്ദ്ര സിങ് ചൗഹാന്‍, ദിലീപ് പാര്‍മര്‍, സന്ദീപ് മെഹ്‌റ, മുകേഷ് ശഖല, എകെ ജിന്‍ജര്‍, പ്രകാശ് പാധ്യാര്‍, മനീഷ് ജെയ്ന്‍, ധര്‍മ്മേഷ് ശുക്ള,കപില്‍ മിശ്ര, സുരേഷ് ധോബി, അതുല്‍ വൈദ്യ, ബാബു മാര്‍വാഡി എന്നിവര്‍ക്കാണ് ഏഴു വര്‍ഷം തവട് ലഭിച്ചത്.
24 പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. ഓരോ കുറ്റത്തിനും വെവ്വേറെ ശിക്ഷ നല്‍കണമെന്നും അങ്ങനെയെങ്കില്‍ ജീവിത കാലം മുഴുവന്‍ അവര്‍ ജയിലില്‍ തുടരുമെന്നും കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി ഹാജരായ എസ്.എം.വോറയുടെ വാദം കോടതി നിരാകരിച്ചു.
















