ന്യൂദല്‍ഹി: ആസാമിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ തെലങ്കാനയിലും രാഷ്‌ട്രീയ അടിത്തറ വിപുലപ്പെടുത്തുവാനുള്ള പരിശ്രമത്തിലാണ് ബിജെപിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. ലക്ഷ്മണന്‍ പറഞ്ഞു. ഭരണകക്ഷിയായ ടിആര്‍എസിനെതിരെ യുള്ള മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ടിആര്‍എസിനെ എന്‍ഡിഎ ഘടകകക്ഷിയാക്കാനുള്ള യാതൊരു ചര്‍ച്ചയും നടക്കുന്നില്ല. ആസാമില്‍ നിന്നുള്ള ആവേശം ഉള്‍ക്കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് എംഎല്‍എമാരുണ്ടായിരുന്ന അവിടെ ഭരണത്തില്‍ എത്തുവാനായി. ഹരിയാനയില്‍ നാല് എംഎല്‍എമാരെ ഉണ്ടായിരുന്നുള്ളു, എന്നാല്‍ അവിടെ 43 സീറ്റുകള്‍ നേടി ഭരണത്തിലെത്തുവാനായി. എങ്കില്‍ എന്തുകൊണ്ട് തെലങ്കാനയില്‍ അധികാരത്തിലെത്തികൂടായെന്നും ലക്ഷ്മണന്‍ ചോദിച്ചു.
ബിജെപിക്ക് നിലവില്‍ അഞ്ച് എംഎല്‍എമാരും ഒരു എംഎല്‍സിയുമാണ് തെലങ്കാനയില്‍ ഉള്ളത്.
ടിആര്‍എസ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനായി ഒന്നും ചെയ്യുന്നില്ലായെന്ന് ബിജെപി കുറ്റപ്പെടുത്തി. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള 2ബിഎച്ച്‌കെ ഹൗസിങ് സ്‌കീം, ഒരു ലക്ഷം സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്നുള്ള വാഗ്ദാനം, ദളിത് കുടുംബങ്ങള്‍ക്ക് കൃഷിയോഗ്യമായ മൂന്ന് ഏക്കര്‍ ഭൂമി നല്‍കല്‍, കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം, കൃഷിവായ്‌പ എഴുതിത്തള്ളല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ടിആര്‍എസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബിജെപി ആരോപിച്ചു.
പ്രധാനപ്രതിപക്ഷങ്ങളായ കോണ്‍ഗ്രസും ടിഡിപിയും ദുര്‍ബലമാണ്. ദുര്‍ബലമായ പ്രതിപക്ഷനിരയെ മാറ്റി ആ സ്ഥാനത്തേക്ക് ബിജെപി എത്തും. പരമ്പരാഗതമായി കോണ്‍ഗ്രസും ടിഡിപിയുമായിരുന്നു ഇവിടെ ശക്തി. എന്നാല്‍ ബിജെപി കേന്ദ്രഭരണത്തിലെ നേട്ടങ്ങളുമായി വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാജില്ലകളിലും പാര്‍ട്ടിയുടെ അടിത്തറ പടിപടിയായി ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
















