ന്യൂദല്‍ഹി: വിവാദങ്ങള്‍ക്ക് വിരാമമിട്ട് ബോളീവുഡ് ചിത്രം ഉഡ്ത പഞ്ചാബ് തീയേറ്ററുകളിലെത്തി. നിരവധി കടമ്പകള്‍ കടന്നാണ് ചിത്രം എത്തിയതെങ്കിലും പുതിയ പ്രശ്നങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പകര്‍പ്പ് ടൊറന്റ് സൈറ്റുകളില്‍ റിലീസിനു തലേന്നു തന്നെ പ്രചരിച്ചതോടെ ബോളിവുഡ് വീണ്ടും പ്രതിഷേധവുമായെത്തിയത്.
സെന്‍സര്‍ ചെയ്യുന്നതിന് മുന്‍പുള്ള പകര്‍പ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. അതിനാല്‍ത്തന്നെ സെന്‍സര്‍ ബോര്‍ഡിനു നേരെയാണ് ആരോപണങ്ങള്‍ ഉയരുന്നതും.
പ്രശസ്ത ബോളീവുഡ് താരങ്ങളായ അമിര്‍ ഖാനും, അലിയ ഭട്ടും അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്താണ് ചോര്‍ന്നതെന്ന് വ്യക്തമല്ലെങ്കിലും സെന്‍സറിങ്ങിന് തൊട്ടുമുന്‍പുള്ള പതിപ്പാണിതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം ചോര്‍ന്നത് സംബന്ധിച്ച് സൈബര്‍ വിഭാഗം വിശദമായ അന്വേഷണം തുടങ്ങിയതായും ചില സൂചനകള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു.
ചിത്രത്തിന്റെ റിലീസിങ്ങ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന്റെ ആവശ്യം കോടതി തള്ളിയിരുന്നു. പഞ്ചാബിലെ ലഹരിമരുന്നിനടിമപ്പെടുന്ന യുവാക്കളുടെ കഥപറയുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ 89 സീനുകള്‍ കട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിലൂടെയാണ് വിവാദത്തില്‍ പെട്ടത്. എന്നാല്‍ ഇത്രയധികം സീനുകള്‍ക്ക് പ്രദര്‍ശാനാനുമതി നല്‍കാതിരുന്നിട്ടില്ലെന്നും 11 സീനുകള്‍ മാത്രം കട്ട് ചെയ്യുവാനാണ് ആവശ്യപ്പെട്ടതെന്നും സെന്‍സര്‍ ബോര്‍ഡ് മേധാവി പഹ്ലജ് നിഹ്ലാനി അറിയിച്ചിരുന്നു. ചിത്രത്തിന്റെ പേരില്‍ നിന്നും പഞ്ചാബ് എന്ന് പേരും എടുത്തുകളയണമെന്നും വാദമുയര്‍ന്നിരുന്നു ഇതിനേയും സെന്‍സര്‍ ബോര്‍ഡ് എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: