ചെന്നൈ: പ്രേതസിനിമ തീയേറ്ററില്‍ കാണുന്നതിനിടെ വൃദ്ധന്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇംഗ്ലീഷ് ചിത്രം കോണ്‍ജുറിംഗ് 2 കണ്ടുകൊണ്ടിരുന്ന 65 കാരനാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ തീയേറ്ററില്‍ വച്ചാണ് സംഭവം.
ഇയാളും സുഹൃത്തിനൊപ്പം നഗരത്തിലെ ബാലസുബ്രഹ്മണിയാര്‍ സിനിമാസില്‍ കയറുകയായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഭാഗമായപ്പോഴേക്കും നെഞ്ചു വേദനിക്കുന്നതായി വൃദ്ധന്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവണ്ണാമല മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായി നിര്‍ദ്ദേശിച്ചു. എന്നാല്‍ മൃതദേഹവുമായി സുഹൃത്തിനെ കാണാതാവുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരേക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭാരതത്തില്‍ മാത്രം 900 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പ്രേതചിത്രങ്ങളുടെ ശ്രേണിയില്‍പ്പെടുത്തുന്ന കോണ്‍ജുറിംഗിന്റെ രണ്ടാം ഭാഗമാണ് കോണ്‍ജുറിംഗ് 2. കഴിഞ്ഞ ആഴ്‌ച്ച പുറത്തിറങ്ങിയ ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്.
















