ജമ്മു: ജമ്മു കാശ്മീരിലെ നാനാക്ക് നഗര്‍ പ്രദേശത്തുള്ള ശിവക്ഷേത്രം ഒരാള്‍ അശുദ്ധമാക്കിയെന്ന സംഭവത്തെ തുടര്‍ന്ന് ജമ്മുവിലെ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി മരവിപ്പിച്ചതായി അധികൃതര്‍. സംഭവത്തെ കുറിച്ച് സാമൂഹികമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചാരണങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ഇത് വര്‍ഗീയ ലഹളയുണ്ടാക്കാന്‍ കാരണമാകും ഇത് തടയാനാണ് സേവനം നിരോധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
എല്ലാ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇന്നലെ രൂപ്നഗറിലുള്ള മറ്റൊരു ക്ഷേത്രത്തിലും സമാനമായ സ്ഥിതിയുണ്ടായത് നഗരത്തിന്റെ ചില ഭാഗങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് ഇവിടെ പ്രശ്‌നമുണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്.
നാനാക്ക് നഗറിലുള്ള ക്ഷേത്രത്തില്‍ ഒരാള്‍ പ്രവേശിക്കുകയും അവിടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി. ഈ വാര്‍ത്ത പടര്‍ന്നതോടെ റോഡില്‍ വന്‍ ജനക്കൂട്ടം പ്രതിക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രദേശത്തെ നില ശാന്തമാണെന്നും അക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
















