ആദ്യ തമിഴ് സിനിമകൊണ്ടുതന്നെ തമിഴകത്തിന്റെ ഹൃദയം കവരുക, നായികയായുള്ള അരങ്ങേറ്റത്തില്‍തന്നെ പ്രേക്ഷകരുടെ പ്രിയതാരമാവുക. ഒരു പുതുമുഖതാരത്തിന് ഇതിനേക്കാള്‍ വലിയ തുടക്കം മറ്റൊന്നുണ്ടാവില്ല. വെള്ളിത്തിരയ്ക്ക് മലയാളത്തിന്റെ ഒരു സംഭാവനകൂടി. പ്രയാഗ മാര്ട്ടിന് എന്ന കൊച്ചിക്കാരി ‘ഒരു മുറൈ വന്ത് പാര്‍ത്തായ’എന്ന ചിത്രത്തിലെ ‘കമ്മ്യൂണിസ്റ്റ് യക്ഷി’യായ പാര്‍വതി എന്ന കഥാപാത്രം മലയാളക്കരയാകെ കീഴടക്കികഴിഞ്ഞു. ആദ്യ നായികാ വേഷം ഗംഭീരമാക്കിയ പ്രയാഗ മാര്‍ട്ടിന്റെ വിശേഷങ്ങളിലേക്ക്
സിനിമയിലേക്കുള്ള വരവ്?
കൊച്ചി ഭവന്‍സ് വിദ്യാമന്ദറിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. കുട്ടിക്കാലത്തുതന്നെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ബാലതാരമായിട്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അച്ഛന്റെ ഒരു സുഹൃത്തായ ഫേട്ടോഗ്രാഫര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എന്റെ ചിത്രങ്ങള്‍ കാട്ടികൊടുക്കുകയായിരുന്നു. അതായിരുന്നു തുടക്കം. പിന്നീട് ഉസ്താദ് ഹോട്ടലിലും അതിഥി താരമായെത്തി. ചിത്രത്തിന്റെ സംവിധായകരായ അമല്‍നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നു.
തമിഴിലെ തുടക്കം?
പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ വനിതയുടെ കവര്‍ഗേളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇക്കാലയളവില്‍ നിരവധി ഓഫറുകള്‍ തേടിയെത്തിയിരുന്നു. സയന്‍സ് തിരഞ്ഞെടുത്തതിനാല്‍ പഠനത്തെ ബാധിക്കുമെന്നോര്‍ത്ത് അതൊന്നും സ്വീകരിച്ചില്ല. പഠനം പൂര്‍ത്തിയായപ്പോള്‍ ആദ്യം തേടിവന്ന ഓഫര്‍ മിഷ്കിന്റെ ‘പിസാസ്’ ആയിരുന്നു. പ്ലസ് വണ്‍-പ്ലസ്ടു കാലയളവില്‍ ഒരു ജ്വല്ലറിയുടെ പരസ്യം ചെയ്തിരുന്നു. ഇത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബസുഹൃത്തായ മോഡല്‍ കോ ഓര്‍ഡിനേറ്ററാണ് എന്റെ കാര്യം മിഷ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഓഡിഷനും സ്ക്രീന്‍ ടെസ്റ്റുമുണ്ടായിരുന്നു. മിഷ്കിനെപോലൊരു സംവിധായകന്റെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകാനുള്ള അവസരം ഒരു തുടക്കകാരിയെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്.
മിഷ്കിന് എന്ന സംവിധായകന്?
രണ്ട് മലയാളചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഞാനൊരിക്കലും അഭിനയത്തെ ഗൗരവമായി കണ്ടിരുന്നില്ല. അഭിനയത്തിന്റെ ഒരു പാഠശാലയായിരുന്നു ‘പിസാസിന്റെ’ ലൊക്കേഷന്‍. മിഷ്കിന് എന്ന സംവിധായകന് എനിക്ക് ഗുരുവിന് തുല്യമാണ്. അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും ഇതുതന്നെയാവും അനുഭവം. സെറ്റില്‍ കര്‍ക്കശക്കാരനായ ഒരു പ്രിന്‍സിപ്പാളിനു തുല്യമാണ് മിഷ്കിന്റെ റോള്‍. സിനിമയെക്കുറിച്ച് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ട്. എല്ലാത്തിനും ‘പെര്ഫെക്ഷന്’ വേണമെന്ന വാശിയുള്ള സംവിധായകനാണ്. ആദ്യസിനിമ എനിക്ക് നേടിത്തന്നത് മറക്കാനാവാത്ത അനുഭവമാണ്. മികച്ച നവാഗത നടിക്കുള്ള നിരവധി നോമിനേഷനുകളില്‍ സ്ഥാനം പിടിക്കാന്‍ ‘പിസാസ്’ലെ എന്റെ കഥാപാത്രം വഴിയൊരുക്കി.
മലയാള സിനിമയിലെ നായികാവേഷം?
നായികാ പ്രാധാന്യമുള്ള മലയാളത്തിലെ എന്റെ ആദ്യ ചിത്രം ‘പാവ’യാണ്. അനൂപ് മേനോന്, മുരളി ഗോപി എന്നിവര്‍ കേന്ദ്രകഥാപാത്രമാവുന്ന ‘പാവ’ റംസാന് റിലീസ് ചെയ്യും. രണ്ടാമത് അഭിനയിച്ച ചിത്രമാണ് ‘ഒരു മുറൈവന്ത് പാര്‍ത്തായാ’ സജിത്ത് ജഗനന്ദന് സംവിധാനം ചെയ്യുന്ന ശ്രീനിവാസന്റെ ഒരേ മുഖത്തിലും കേന്ദ്രകഥാപാത്രമാണ്.
മലയാളത്തില്‍ ചുവടുറപ്പിച്ചത് ?
‘പിസാസി’നുശേഷം തമിഴില്‍നിന്നും തെലുങ്കില്‍നിന്നും ഒത്തിരി സിനിമകള്‍ തേടിയെത്തിയിരുന്നു. പക്ഷേ മികച്ച കഥാപാത്രം ലഭിച്ചത് പാവയിലൂടെയാണ്. ഭാഷയുടെ അടിസ്ഥാനത്തില്‍ ഞാന്‍ സിനിമയെ വേര്‍തിരിച്ചുകാണുന്നില്ല. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഏതുഭാഷയിലായാലും അഭിനയിക്കും.
‘ഒരു മുറൈവന്ത് പാര്‍ത്തായ’യിലേക്ക് ?
‘പാവ’യില്‍ അവസരം ലഭിച്ചശേഷമാണ് ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ തേടിയെത്തുന്നത്. ‘പിസാസ്’ലെ കഥാപാത്രമാണ് മലയാളത്തില്‍ എനിക്ക് അവസരങ്ങളൊരുക്കി തന്നത്. അഭിലാഷ് ശ്രീധരന് തിരക്കഥ വിവരിച്ചപ്പോള്‍ തന്നെ എനിക്കിഷ്ടമായി. പാര്‍വതി എന്ന കഥാപാത്രം ഞാനായിരുന്നെങ്കില്‍ എന്ന് ശരിക്കും ആശിച്ചുപോയി.
‘പാര്‍വതി’യെക്കുറിച്ച് ?
പ്രേക്ഷകര്‍ മനസസിലേറ്റുന്ന കഥാപാത്രം. ‘പിസാസി’ലെയും ‘ഒരു മുറൈവന്ത് പാര്‍ത്തായ’യിലെയും കഥാപാത്രങ്ങള്‍ നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളാണെങ്കിലും പ്രേക്ഷകരുടെ സ്നേഹവും സഹതാപവും നേടിയെടുക്കുന്ന കഥാപാത്രങ്ങളാണ്. മറ്റു സിനിമകളില്‍ കാണുന്ന ‘പ്രേത’ കഥാപാത്രമായിരുന്നെങ്കില്‍ ഞാന്‍ ഈ വേഷം സ്വീകരിക്കില്ലായിരുന്നു. ഒട്ടേറെ നന്മകള് ഉള്ള യക്ഷിയുടെ വേഷമാണ് പാര്‍വതിക്ക്.
ക്ഷേത്രത്തില്‍ പോവാത്ത കമ്മ്യൂണിസ്റ്റായ പാര്‍വതിയുടെ പ്രകാശനുമായുള്ള നിഷ്കളങ്കമായ പ്രണയം സിനിമയുടെ ഒരു ഘട്ടത്തില്‍ സസ്പെന്സിലേക്ക് വഴിമാറുന്നു. പാര്‍വതിയുടെ കുസൃതിയും കുറുമ്പും നിഷ്കളങ്കതയും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നിമിഷമാണ് പാര്‍വതി യക്ഷിയാണെന്ന തിരിച്ചറിവിലേക്ക് ചിത്രം വഴിമാറുന്നത്. പ്രതികാരം ചെയ്യാനെത്തിയ പാര്‍വതി, പക്ഷേ പ്രകാശിനോടുള്ള തന്റെ പ്രണയം മൂല ത്യാഗത്തിന് സന്നദ്ധയാവുന്ന വളരെ പോസിറ്റീവായ കഥാപാത്രമായി മാറുന്നു. ഇത്രയും അഭിനയസാധ്യതയുള്ള ഒരു കഥാപാത്രം ഒരു പുതുമുഖമായ എനിക്ക് ലഭിക്കുമ്പോള്‍ അത് ശരിക്കും വെല്ലുവിളി തന്നെയായിരുന്നു.
‘ഉണ്ണി മുകുന്ദന്’ എന്ന നായകന്?
ഉണ്ണിയടക്കം ഈ സിനിമയിലെ ആരുമായും എനിക്ക് മുന്‍പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു മാസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ എല്ലാവരും ഒരു കുടുംബംപോലെയായി. വിട്ടുപോകാന്‍ തോന്നാത്ത അവസ്ഥ. ഉണ്ണി വളരെ വിനയത്തോടെ പെരുമാറുന്ന വ്യക്തിയാണ്. മാനസികമായി വളരെ പിന്തുണ നല്കുന്ന ഒരു സഹതാരത്തെ ലഭിക്കുക ഭാഗ്യമാണ്. ഉണ്ണിയുടെ രൂപവും ഭാവവും പ്രകാശന് ശരിക്കും യോജിച്ചതായിരുന്നു. പ്രകാശന് എന്ന ഗ്രാമീണ കഥാപാത്രം ഉണ്ണിക്ക് ഒരു വെല്ലുവിളി ആയതേയില്ല എന്നാണ് തോന്നിയത്.
‘പാര്‍വതിയിലെ’ പ്രയാഗ?
പ്രയാഗയും പാര്‍വതിയും തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ട്. എന്നാല്‍ പാര്‍വതിയില്‍ ചിലയിടത്ത് പ്രയാഗ കയറിവരുന്നുമുണ്ട്. പ്രയാഗ ഒരു പരിധിവരെ വീട്ടില്‍ സെന്‍സിറ്റീവാണ്. എന്നാല്‍ പുറത്ത് നല്ല ബോള്‍ഡാണ്. പെട്ടെന്ന് ദേഷ്യം വരാത്ത, അല്പസ്വല്പം സഹനശക്തിയുള്ള കൂട്ടത്തിലാണെന്നാണ് ധാരണ.
രസകരമായ അനുഭവങ്ങള്‍
പാലക്കാട്- കൊല്ലങ്കോട് പ്രദേശങ്ങളിലാണ് സിനിമയിലെ മല്ലാപുരം എന്ന ഗ്രാമം സൃഷ്ടിച്ചത്. പാടങ്ങളും വരമ്പുകളും നിറഞ്ഞ നാട്ടിന്‍പുറത്ത് സദാ ദാവണിയണിഞ്ഞ് നടക്കുന്ന കഥാപാത്രമാണ് പാര്‍വതി. എനിക്കാവട്ടെ ദാവണി ധരിക്കുക അത്ര വഴങ്ങുന്നതുമല്ല. ഷൂട്ടിങിനിലെ വയലിലും വരമ്പത്തും പലപ്പോഴും ദാവണിയില്‍ ചവിട്ടി വീണിട്ടുണ്ട്. ഇത് ക്യാമറിയിലാക്കിയിട്ടുമുണ്ട്. ഉണ്ണിയടക്കം സെറ്റിലുള്ളവര്‍ ഇത് പറഞ്ഞ് കളിയാക്കുമായിരുന്നു.
വിനോദങ്ങള്‍?
നൃത്തം, പെയിന്റിങ്, വായന, സിനിമ. കുട്ടിക്കാലം മുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിരുന്നു. മോഹിനിയാട്ടമാണ് കൂടുതല്‍ താല്പര്യം. കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ ശിഷ്യയായ മിനി പ്രമോദിന്റെ കീഴിലാണ് ശിക്ഷണം.
ലക്ഷ്യം
അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. ജീവിതം വരുന്നപോലെ സ്വീകരിക്കുക. ജീവിതത്തെ ലളിതമായി കാണുക. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ വിധിച്ചിട്ടുണ്ടെങ്കില്‍ അത് നടക്കും.
കുടുംബം
അച്ഛന് മാര്ട്ടിന് പീറ്റര്‍ ബിസിനസ് ചെയ്യുന്നു. അമ്മ ജിജി മാര്ട്ടിന് വീട്ടമ്മയാണ്. ഒറ്റ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: