ഡെറാഡൂണ്‍: അപകടത്തില്‍ കാണാതാവുക, മരിച്ചെന്നു കരുതിയിരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുക. അതും അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട് ആരേയും തിരിച്ചറിയാന്‍ സാധിക്കാതെയാണെങ്കിലോ. ഇതെല്ലാം സിനിമയില്‍ മാത്രമേ നടക്കൂ എന്നാകും എല്ലാവരുടേയും ധാരണ. എന്നാല്‍ സിനിമ കഥകളെയൊക്കെ വെല്ലുന്നതാണ് രാജസ്ഥാന്‍ ആള്‍വാര്‍ സ്വദേശി ധരംവീര്‍ സിങ് എന്ന സൈനികന്റെ ജീവിത കഥ. അതും ബോളീവുഡ്, ഹോളീവുഡ് ചിത്രങ്ങളെ വെല്ലുന്നത്.
2009ല്‍ സൈനികവാഹനത്തിന്റെ ഡ്രൈവറായിരുന്ന ധരംവീര്‍ ഡെറാഡൂണില്‍ മറ്റു രണ്ടു സൈനികര്‍ക്കൊപ്പം യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ടതോടെയാണ് കഥയ്‌ക്കു തുടക്കമാവുന്നത്. യാത്രയ്‌ക്കിടെ ഡിവൈഡറില്‍ ഇടിച്ച ധരംവീറിന്റെ വാഹനം താഴേക്ക് മറിയുകയായിരുന്നു. അപകടത്തിനുശേഷം പ്രദേശത്ത് തെരച്ചില്‍ നടത്തി യെങ്കിലും മൂവരേയും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ദിവസങ്ങള്‍ക്കുശേഷം കൂടെയുണ്ടായിരുന്ന സൈനികര്‍ ക്യാമ്പില്‍ തിരിച്ചെത്തിയെങ്കിലും ധരംവീര്‍ മടങ്ങിയെത്തിയില്ല. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണങ്ങള്‍ തുടര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം.
മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം സൈന്യം അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കുകയും കുടുംബാംഗങ്ങള്‍ക്കായുള്ള മരണാനന്തര പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട ധരംവീറിന് തലയ്‌ക്കേറ്റ ആഘാതത്തില്‍ ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. എവിടെയൊക്കെയോ അലഞ്ഞ ശേഷം ഹരിദ്വാറിലെത്തിയ ധരംവീര്‍ ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ഭിക്ഷാടനത്തിനിടെ ഒരു ബൈക്ക് വന്നിടിച്ചതാണ് ധരംവീറിന്റെ കഥയെ വീണ്ടും മാറ്റിമറിച്ചത്.
അപകടത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന് പെട്ടെന്ന് പഴയ ഓര്‍മ്മശക്തി മടക്കിക്കിട്ടി. ബൈക്ക് യാത്രക്കാരന്‍ തന്നെ അടുത്ത ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഓര്‍മ്മ വീണ്ടെടുത്ത ധരംവീര്‍ വിവരങ്ങള്‍ ബൈക്കുകാരനെ അറിയിച്ചപ്പോള്‍ തിരിച്ച് നാട്ടിലെത്തുന്നതിന് 500 രൂപയും അയാള്‍ നല്‍കി. അങ്ങിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ഉടനെ ഹരിദ്വാറില്‍നിന്നും ഡല്‍ഹിക്ക് ടിക്കറ്റെടുത്തു. അവിടെനിന്നും ആള്‍വാറിലെ ഭിട്ടേട ഗ്രമാത്തിലെ സ്വന്തം വീട്ടിലെത്തി.
ധരംവീര്‍സിങ്ങിന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവും ഏറെ നാടകീയമായിരുന്നു.
ഏഴു വര്‍ഷങ്ങള്‍ക്കുശേഷം അര്‍ധരാത്രിയില്‍ തിരിച്ചെത്തിയ മകനെ കണ്ട് ധരംവീറിന്റെ അച്ഛന്‍ സ്തംബ്ധനായി കുറച്ചുനേരം നിന്നശേഷമാണ് സ്വബോധം വീണ്ടെടുത്ത് മകനെ ആലിംഗനം ചെയ്തത്. ഭാര്യയും രണ്ടു പെണ്‍ മക്കളുമടങ്ങുന്നതാണ് ധരംവീറിന്റെ കുടുംബം. ഒരാള്‍ 12-ാം ക്ലാസിലും മറ്റേയാള്‍ പത്തിലും പഠിക്കുന്നു. രാം നിവാസ് എന്ന സഹോദരന്‍ കൂടിയുണ്ട്്. മരിച്ചുവെന്നു കരുതിയ പിതാവിന്റെ മടങ്ങിവരവില്‍ ഏറെ സന്തോഷിച്ചിരിക്കുകയാണ് ധരംവീറിന്റെ കുടുംബാംഗങ്ങള്‍. മരിച്ചെന്ന് സൈന്യം ഉള്‍പ്പടെയുള്ളവര്‍ അറിയിച്ചെങ്കിലും അദ്ദേഹം എന്നെങ്കിലും മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ വൃതം നോറ്റ് കഴിയുകയായിരുന്നെന്ന് ഭാര്യ മനോജ് ദേവി പറഞ്ഞു.
















