കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, എക്‌സൈസ് കസ്റ്റംസ് ബോര്‍ഡ് എന്നിവയുടെ
സംയുക്ത സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു
ന്യൂദല്‍ഹി: രാജ്യത്തെ നികുതിദായകരുടെ എണ്ണം പത്തുകോടിയാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവിലെ 5.4 കോടി ആളുകളില്‍ നിന്നും പത്തുകോടിയാക്കി നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെയും കേന്ദ്ര എക്‌സൈസ് കസ്റ്റംസ് ബോര്‍ഡിന്റെയും സംയുക്ത സമ്മേളനമായ രാജസ്വ ഗ്യാന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സ്വതന്ത്രഭാരതത്തില്‍ ഇതാദ്യമായാണ് ടാക്‌സ് കളക്ടര്‍മാരുടെ സമ്മേളനത്തെ ഒരു പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ നികുതി നല്‍കാന്‍ തയ്യാറാണ്. എന്നാലവര്‍ക്ക് നികുതി ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കൂടുതല്‍ വിശ്വാസം വരേണ്ടിയിരിക്കുന്നു. നികുതി വകുപ്പുകളോടുള്ള ജനങ്ങളുടെ ഭീതി മാറ്റാന്‍ നമുക്ക് സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നികുതി ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘റാപ്പിഡ്’ (ആര്‍എപിഐഡി) എന്ന പേരില്‍ അഞ്ചിന കര്‍മ്മപദ്ധതി മുന്നോട്ടുവെച്ചു. ഇതില്‍ ‘ആര്‍’ റവന്യൂവിനെയും, ‘എ’ അക്കൗണ്ടബിലിറ്റിയെയും(ഉത്തരവാദിത്വം), ‘പി’ പ്രോബിറ്റിയെയും (സത്യസന്ധത) ‘ഡി’ ഡിജിറ്റല്‍വല്‍ക്കരണത്തെയും സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് ഭാരതത്തില്‍ 92 ശതമാനം നികുതിയും ശേഖരിക്കുന്നത്. എന്നാല്‍ ബാക്കിയുള്ള എട്ട് ശതമാനം നികുതി പിരിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 42,000 ആണ്. നികുതി പിരിവിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
രണ്ട് റവന്യൂ ബോര്‍ഡുകളും ഇതാദ്യമായിട്ടാണ് സംയുക്ത സമ്മേളനം സംഘടിപ്പിച്ചത്. എല്ലാ പൗരന്മാര്‍ക്കും നിയമവാഴ്ചയോട് ബഹുമാനവും നികുതി വെട്ടിക്കുന്നവര്‍ക്ക് നിയമത്തിന്റെ നീണ്ട കരങ്ങളെകുറിച്ച് ഭയവും ഉണ്ടാകണമെിരിക്കെ ജനങ്ങള്‍ നികുതി ഉദ്യോഗസ്ഥരെ പേടിക്കേണ്ടതില്ല, പ്രധാനമന്ത്രി പറഞ്ഞു. നികുതി ഉദ്യോഗസ്ഥര്‍ക്ക് വ്യവസ്ഥിതിയില്‍ വിശ്വാസം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പാചക വാതക സബ്‌സിഡി സ്വമേധയാ വേണ്ടന്നു വയ്‌ക്കുന്ന ‘ഗിവ് ഇറ്റ് അപ്പ്’ സംരംഭത്തെ ഉദാഹരിച്ചുകൊണ്ട് മാറ്റം കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കാന്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞാല്‍ നികുതിഅടിത്തറ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും-അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി ജയന്ത് സിന്‍ഹ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, കേന്ദ്ര റവന്യൂസെക്രട്ടറി ഹസ്മുഖ്ആദിയ, സിബിഡിറ്റി, സിബിഇസി. എന്നിവയുടെ ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















