ജയ്‌പൂര്‍: ജയ്‌പൂരില്‍ അകോളയിലെ ജയപ്രകാശിന്റെ തയ്യല്‍ക്കടക്ക് ഈ ജോലി ചിരപരിചിതമാണ്. ആര്‍എസ്എസിന്റെ ഗണവേഷം തയ്യാറാക്കല്‍. അതും പ്രതിവര്‍ഷം 50,000 എണ്ണം. ഇത്തവണയും തയ്യല്‍ തകൃതിയായി നടക്കുന്നു. പക്ഷേ ചെറിയൊരു രൂപമാറ്റം.
ഇടതു വശത്ത് പോക്കറ്റോടു കൂടിയ ഫുള്‍ സ്ലീവ് വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും കാക്കിനിക്കറും അടങ്ങിയ ഗണവേഷത്തില്‍ ഇനി കാക്കി നിക്കറില്ല. പകരം ബ്രൗണ്‍ ഫുള്‍ പാന്റ്‌സാണ്. ഇടതടവില്ലാതെ ഊഴമനുസരിച്ച് 40 തയ്യല്‍ക്കാര്‍ തയ്ച്ചു തീര്‍ക്കേണ്ടത് 10,000 പാന്റ്‌സുകളാണ്. ജൂലൈ 15 നു മുമ്പ് ഇതത്രയും തയ്യാറായിരിക്കണം. ഈ കാര്യത്തില്‍ സാമ്പത്തിക നേട്ടത്തിനപ്പുറമുള്ള പ്രതിബദ്ധത ജയപ്രകാശിനും കൂട്ടര്‍ക്കുമുണ്ട്. കാരണം ഉപഭോക്താവ് മറ്റാരുമല്ല, രാഷ്‌ട്രീയ സ്വയം സേവക സംഘമാണ്. അദ്ദേഹത്തിനത് ആശയത്തോടുള്ള ആഭിമുഖ്യം കൂടിയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്ഥാനിലെ നാഗൗറില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് നിക്കറിനു പകരം പാന്റ്‌സ് എന്ന തീരുമാനത്തിലെത്തിയത്. ഒക്ടോബറോടെ ഗണവേഷം പൂര്‍ണ്ണമായും പുതു മാതൃകയിലേക്ക് മാറും.
യോഗയും സൂര്യനമസ്‌ക്കാരവും ചെയ്യാന്‍ സഹായകമാകുന്ന തരത്തില്‍ അയവോടുകൂടിയാണ് പാന്റ്‌സിന്റെ രൂപകല്പന. പാന്റ്‌സ് ഒന്നിന് 300 രൂപയാണ് തയ്യല്‍ക്കൂലി. ഭില്‍വാരയില്‍ നിന്ന് ഏഴുലക്ഷം മീറ്റര്‍ വെള്ളത്തുണികളാണ് അകോളയ്ടുത്തുള്ള ചൗതാവാഡിയിലെ ടൈറ്റന്‍ പ്രോസസ് ഹൗസില്‍ ബ്രൗണ്‍ നിറം മുക്കാനായി എത്തിച്ചിരിക്കുന്നത്.
















