ചെന്നൈ: ചികിത്സാ രംഗത്ത് വിപ്ലവകരമായ കണ്ടെത്തലുമായി ചെന്നൈ ഐഐടിയും അമേരിക്കയിലെ നെബ്രസ്‌ക സര്‍വ്വകലാശാലയും. സെന്‍സറുകള്‍ അടങ്ങിയ ക്യാപ്സൂളുകളാണ് രോഗം കണ്ടെത്താന്‍ ഇവര്‍ സംയുക്തമായി വികസിപ്പിച്ചത്. ഈ ക്യാപ്‌സൂള്‍ ഒരാഴ്ചയിലേറെ ശരീരത്തിനുള്ളില്‍ കിടക്കും. ഇത് ആഹാരം വഴി നമ്മില്‍ ഉത്പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം അടക്കമുള്ളവ രേഖപ്പെടുത്തും. ശരീര ഊഷ്മാവ് രേഖപ്പെടുത്തുന്ന സെന്‍സറുകളും ഇതിലുണ്ട്. ഇങ്ങനെ കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും.
ക്യാപ്‌സൂളുകള്‍ ഇപ്പോള്‍, മനുഷ്യരുടേതു പോലുള്ള ദഹനവ്യവസ്ഥയുള്ള പന്നികളില്‍ പരീക്ഷിച്ചുവരികയാണ്. ക്യാപ്‌സൂളുകളില്‍ തീരെച്ചെറിയ കൊളുത്തുകള്‍(ഹുക്കുകള്‍) ഉണ്ട്. ഇവ ആമാശയത്തിലും കുടലുകളിലും പറ്റിപ്പിടിച്ച് കിടക്കാന്‍ ക്യാപ്‌സൂളുകളെ സഹായിക്കും. ശരീരത്തില്‍ അലിഞ്ഞു ചേരുന്ന തരം വസ്തുക്കള്‍ കൊണ്ടുള്ള ക്യാപ്‌സൂള്‍ വിരകളെ പോലെ ദഹനവ്യവസ്ഥയില്‍ പിടിച്ചുകിടക്കും. 25 മി.മീ. നീളവും 12 മി.മീ. വ്യാസവും ഉള്ള ഇവയെ ശരീരം പുറംതള്ളുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ക്യാപ്‌സൂളിലുള്ള സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്ത് ഒരു മീറ്റര്‍ അകലെ വച്ചിരിക്കുന്ന ഉപകരണങ്ങളില്‍ റേഡിയോ ആക്ടീവ് തരംഗങ്ങള്‍ വഴി രേഖപ്പെടുത്തും. ഐഐടിയിലെ അസി. പ്രൊഫ. പി. വി. മണിവണ്ണന്‍ പറഞ്ഞു. ദഹന വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് കണ്ടെത്താനും ജൈവ സെന്‍സറുകള്‍ സഹായിക്കും. ഇത് വിജയിച്ചാല്‍ ക്യാപ്‌സൂള്‍ എന്‍ഡോസ്‌ക്കോപ്പിക്കും വഴി തുറക്കും.
ഇപ്പോള്‍ എന്‍ഡോസ്‌ക്കോപ്പി പരിശോധന രോഗികള്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. ക്യാപ്‌സൂള്‍ മാതൃകയിലുള്ള കാമറകള്‍ വയറ്റിലേക്കിറക്കി ആന്തരികാവയവങ്ങളുടെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന രീതി വികസിപ്പിക്കാന്‍ കഴിയും.
















