1993 ആഗസ്റ്റ് എട്ടിന് ആര്‍എസ്എസിന്റെ ചെന്നൈയിലുള്ള ‘ശക്തി’ എന്ന പേരില്‍ പുകഴ്‌പെറ്റ, തമിഴ്‌നാട് പ്രാന്തകാര്യാലയത്തില്‍ മുസ്ലിം തീവ്രവാദികളാല്‍ തന്ത്രപരമായി ഒളിപ്പിച്ചുവച്ച ബോംബ് പൊട്ടിത്തെറിച്ച് ഒട്ടേറെപ്പേര്‍ മരിച്ചു. കാര്യാലയ കെട്ടിടം തകര്‍ന്നുവെന്ന് മാത്രമല്ല, അവിടെ താമസിച്ചിരുന്നവരും അവരെ കാണാന്‍ വന്നിരുന്നവരുമുള്‍പ്പെടെ പതിനൊന്നിലധികം പേര്‍ക്ക് ജീവഹാനിയും നേരിട്ടു. ഈ ദാരുണസംഭവം കേവലം സംഘസ്വയംസേവകരെ മാത്രമല്ല മുഴുവന്‍ ഭാരതീയരെയും സംഭീതരാക്കി. ഈ ദുരന്തം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു.
1993 ജൂണ്‍ അഞ്ചിന് മുംബൈയിലുള്ള ജസ്ലോക് ആശുപത്രിയില്‍നിന്ന് ഒരു വലിയ രോഗത്തില്‍ നിന്നും മുക്തിനേടി നാഗപ്പൂരില്‍ തിരിച്ചെത്തിയ ബാലാസാഹബ് ദേവറസിനെ ഈ ബോംബ് സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരം അറിയിച്ചപ്പോള്‍ത്തന്നെ അദ്ദേഹം വളരെ അസ്വസ്ഥനായിത്തീര്‍ന്നു.’എനിക്കിപ്പോള്‍ത്തന്നെ ചെന്നൈയിലേക്ക് പോകണ’മെന്ന് അദ്ദേഹം വാശിപിടിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് പോവാന്‍ അനുവാദം നല്‍കിയില്ല.
ഒട്ടേറെത്തവണ ഡോക്ടര്‍മാരോടഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ”ഈ അത്യധികമായ ദുഃഖസമയത്ത് അവിടുത്തെ നമ്മുടെ കാര്യകര്‍ത്താക്കള്‍ക്ക് ധൈര്യം കൊടുക്കുന്നതിനായി എനിക്ക് അങ്ങോട്ട് പോവുകതന്നെ വേണമെന്ന് അദ്ദേഹം വാശിപിടിച്ചു. സ്‌ഫോടനത്തില്‍ മരിച്ച പ്രചാരകന്മാരുടെയും കാര്യകര്‍ത്താക്കളുടെയും, ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സാന്ത്വനപ്പെടുത്തുകയെന്നത് തന്റെ പ്രഥമകര്‍ത്തവ്യമാണെന്ന് അദ്ദേഹം അവരെ ഓര്‍മിപ്പിച്ചു. രാവും പകലും അദ്ദേഹം അനുഭവിച്ച വേദന കണ്ടറിയേണ്ടതുതന്നെയായിരുന്നു. മുന്നിലെത്തുന്നവരോടൊക്കെ അദ്ദേഹം എല്ലായ്‌പ്പോഴും ”സര്‍സംഘചാലക് എന്ന നിലയില്‍ എനിക്ക് ഇപ്പോള്‍ ചെന്നൈയില്‍ ഉണ്ടാവേണ്ടതുണ്ട്” എന്ന് പറഞ്ഞുകൊണ്ടിരുന്നു. അവസാനം ഡോക്ടര്‍മാര്‍ വഴങ്ങി. നാഗപ്പൂരില്‍നിന്ന് ഹൈദരാബാദിലെത്തി രണ്ടുദിവസം അവിടെ വിശ്രമിച്ചശേഷം വിമാനത്തില്‍ തന്നെ ചെന്നൈയിലേക്ക് പോവാനുള്ള യാത്രാപരിപാടി നിശ്ചയിക്കപ്പെട്ടു.
നിശ്ചയിച്ച സമയത്തുതന്നെ ബാലാസാഹബ് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിച്ചേര്‍ന്നു. വീല്‍ചെയറിലിരുത്തി അദ്ദേഹത്തെ വിമാനത്തില്‍ കയറ്റി. വിമാനം ചെന്നൈ വിമാനത്താവളത്തിലേക്കിറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എയര്‍ഹോസ്റ്റസ് അദ്ദേഹത്തോട് ചോദിച്ചു; അങ്ങ് ചെന്നൈയില്‍ ഏതാശുപത്രിയില്‍ അഡ്മിറ്റാകാനാണ് പോകുന്നത്?
ബാലാസാഹബിന്റെ മറുപടി ഇതായിരുന്നു; ”ഞാന്‍ ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ വേണ്ടിയല്ല, മറിച്ച് ഈയടുത്തകാലത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച സ്വയംസേവകരുടെ ബന്ധുജനങ്ങളെ സമാശ്വസിപ്പിക്കുന്നതിനും വേദന പങ്കുവയ്‌ക്കുന്നതിനും വേണ്ടിയാണ് നാഗ്പൂരില്‍നിന്നും ഇവിടെയെത്തിച്ചേര്‍ന്നിരിക്കുന്നത്.”
ഈ മറുപടി ആ സ്ത്രീയെ ആശ്ചര്യപ്പെടുത്തി. അവര്‍ വളരെ ആദരവോടുകൂടി വീല്‍ചെയറിലിരിക്കുന്ന ബാലാസാഹബിനെ സാകൂതം വീക്ഷിച്ചു. അദ്ദേഹത്തിന്റെ വലതുഭാഗം പക്ഷാഘാതത്താല്‍ തളര്‍ന്നിരിക്കുകയാണെന്നും കാല്‍ഭാഗത്തിന് ചലനശേഷിയില്ലെന്നും അവര്‍ക്ക് മനസ്സിലായി. യൂറിന്‍ബാഗും വീല്‍ചെയറിന്റെ ഒരു ഭാഗത്ത് തൂങ്ങിക്കിടപ്പുണ്ടായിരുന്നു.
വിമാനത്തില്‍നിന്നും എയര്‍ഹോസ്റ്റസുതന്നെ വളരെ കരുതലോടുകൂടി അദ്ദേഹത്തെ വീല്‍ ചെയറിലിരുത്തി തള്ളിക്കൊണ്ട് വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലെത്തിച്ചു.
അവിടെ ബാലാസാഹബിനെ പ്രതീക്ഷിച്ച് കാറുമായി സ്വയംസേവകര്‍ കാത്തിരിപ്പുണ്ടായിരുന്നു. വീല്‍ചെയറില്‍ നിന്നും അദ്ദേഹത്തെ കാറിനുള്ളില്‍ കയറ്റാനും ആ സ്ത്രീയുടെ സഹായമുണ്ടായിരുന്നു. ബാലാസാഹബിനെ ശരിയായ രീതിയില്‍ കാറിലിരുത്തി അദ്ദേഹത്തിന്റെ കൈപിടിച്ചുകൊണ്ട് ആ എയര്‍ഹോസ്റ്റസ് പറഞ്ഞത് ”താങ്കള്‍ ശരിക്കുമൊരു മഹാത്മാവാണ്” എന്നാണ്. ”വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമിടയിലും ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ച് അന്യരുടെ ദുഃഖത്തിന് സാന്ത്വനമേകാന്‍ ഇത്രയും ദൂരം താണ്ടി അങ്ങ് വന്നു. അങ്ങ് ശരിക്കും മഹാത്മാവുതന്നെയാണ്.” സ്വതസിദ്ധമായ ഒരു മന്ദസ്മിതമായിരുന്നു ബാലാ സാഹബിന്റെ മറുപടി.
വിമാനത്താവളത്തില്‍നിന്ന് ചെന്നൈയിലെ വാസസ്ഥലത്തെത്തിയപ്പോള്‍ സമയം രാവിലെ 10.30. ഭക്ഷണശേഷം കുറച്ച് വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹത്തിന് ബ്ലഡ്പ്രഷര്‍ ഉയര്‍ന്ന് 220/120 ആയി. ഇത്തരുണത്തില്‍ ബാലാസാഹബിനെ ഇവിടെനിന്ന് കൊണ്ടുപോയാല്‍ ബ്ലഡ്പ്രഷര്‍ വീണ്ടും കൂടാന്‍ സാധ്യതയുണ്ട്, ഹൃദയാഘാതം, പരാലിസിസ് എന്നിവയുണ്ടാവാന്‍ സാധ്യതയുണ്ടെന്നറിയിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അപ്പോള്‍ ഞാന്‍ (ശ്രീകാന്ത് ജോഷി) ചെന്നൈ കാര്യാലയത്തില്‍ ബാലാസാഹബിനായി എല്ലാത്തരത്തിലുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. ബ്ലഡ് പ്രഷര്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു. അത് 240/180 വരെയായി. എന്നിരുന്നാലും ഈശ്വരനെ സ്മരിച്ചുകൊണ്ട് ഞങ്ങളെല്ലാവരും കാര്യാലയത്തിലേക്ക് പുറപ്പെട്ടു.
ചെന്നൈ കാര്യാലയത്തിലെത്തിയ പൂജനീയ ബാലാസാഹബ്ജി വീല്‍ചെയറില്‍ ഇരുന്ന് ബലിദാനികളായ സ്വയംസേവക സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ചിത്രങ്ങളുടെ അടുത്തുചെന്ന് പുഷ്പാഞ്ജലിയര്‍പ്പിച്ചു. ചന്ദനത്തിരിയും നിലവിളക്കും കത്തിച്ചു. കുങ്കുമലേപനമണിയിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ശരീരമാസകലം വിറയ്‌ക്കുകയായിരുന്നു. വീല്‍ചെയറിലിരുന്ന് നിറകണ്ണുകളോടെ അദ്ദേഹം തകര്‍ന്ന കാര്യാലയഭവന്‍ നോക്കിക്കണ്ടു. കാര്യാലയത്തിനടുത്തുള്ള ഷാമിയാനയില്‍ 200 നടുത്ത് സ്വയംസേവകരും ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ബാലാസാഹബിനോട് രണ്ട് വാക്ക് പറയാന്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ വളരെ വിഷമിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:
”ഞാന്‍ നിങ്ങളെ കാണാനാണ് വന്നിരിക്കുന്നത്. വാസ്തവത്തില്‍ ഞാന്‍ വളരെമുമ്പേ ഇവിടെ വരേണ്ടതായിരുന്നു. ഞാനെങ്ങനെയാണ് നിങ്ങളെ സമാശ്വസിപ്പിക്കുക? നിങ്ങളുടെ ദുഃഖത്തിനെങ്ങനെയാണ് ഞാനയവ് വരുത്തുക? ഞാന്‍ സംഘത്തിന്റെ സര്‍സംഘചാലകാണ്. ആയതുകൊണ്ട് ഏറ്റവുമാദ്യം ഞാന്‍തന്നെ ഇവിടെ വന്ന് നിങ്ങളെ സാന്ത്വനപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ എന്നെ അതിനനുവദിച്ചില്ല. അവര്‍ എനിക്കനുമതി തന്നപ്പോള്‍ മുന്‍പിന്‍ നോക്കാതെ ഞാനിവിടെ എത്തിച്ചേര്‍ന്നു. വൈകിയതിന് എന്നോട് ക്ഷമിച്ചാലും.” അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ബലിദാനികളുടെ ബന്ധുമിത്രാദികള്‍ ഗദ്ഗദകണ്ഠരായി. അവര്‍ ഇങ്ങനെ മറുപടി നല്‍കി. ”താങ്കളെ കണ്ടിട്ട് ഞങ്ങളുടെ ദുഃഖം പകുതി കുറഞ്ഞു. ഇങ്ങനെയൊരവസ്ഥയില്‍ ഇവിടെ വന്നു ഞങ്ങളെ സമാശ്വസിപ്പിച്ച അങ്ങൊരു ദേവപുരുഷനാണ്, മഹാത്മാവാണ്.”
അദ്ദേഹത്തിന് കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ തമിഴിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. താമസസ്ഥലത്ത് ഡോക്ടര്‍മാര്‍ ബാലാസാഹബിന്റെ ബ്ലഡ്പ്രഷര്‍ നോക്കിയപ്പോള്‍ 120/180 എന്ന സാധാരണനിലയിലെത്തിയതുകണ്ട് അത്ഭുതപ്പെട്ടു. ഇതായിരുന്നു ബാലാസാഹബിന് സ്വയംസേവകരുമായിട്ടുണ്ടായിരുന്ന സഹജവും സ്‌നേഹപൂര്‍വകവും ആത്മീയവുമായ ഏകാത്മകത്വം.സംഘപ്രാണനായിരുന്ന അദ്ദേഹത്തിന് ഞങ്ങളുടെ വിനീതപ്രണാമം.
(വിവര്‍ത്തനം: അരുണ്‍കുമാര്‍ കെ.എസ്.)
















