ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തുള്ള ചെറുപ്പക്കാരില്‍ മദ്യപാനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ചെറുപ്പക്കാരിലെ 50 ശതമാനത്തോളം പേരും മദ്യത്തിന് അടിമകളാണെന്നും 13-ാം വയസ്സുമുതല്‍ ചെറുപ്പക്കാരില്‍ ഈ ശീലം ആരംഭിക്കുന്നുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു.
ആണ്‍കുട്ടികളില്‍ 49.6 ശതമാനത്തിലധികം പേരാണ് മദ്യലഹരിക്കടിമകളെങ്കില്‍ പെണ്‍കുട്ടികളില്‍ ഇത് 42.3 ശതമാനത്തിലധികമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ദല്‍ഹിയിലെ റോഡപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് ചെറുപ്പക്കാരിലെ ഈ മദ്യപാനശീലമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇവരുടെ ഈ ശീലം കാരണം നിരവധി കുറ്റകൃത്യങ്ങളും രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ദല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലായി 5000 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ദല്‍ഹിയുടെ ദുരവസ്ഥ പ്രകടമായത്.
കാഡിന്റെ (എന്‍ജിഒ കമ്മ്യൂണിറ്റി എഗെയ്ന്‍സ്റ്റ് ഡ്രന്‍ഗണ്‍ ഡ്രൈവിങ്) പഠനത്തില്‍ 2000 മുതല്‍ 5000 രൂപ വരെ മദ്യ ഉപഭോഗത്തിന് ചെറുപ്പക്കാര്‍ ചിലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. മറ്റൊരു ഞെട്ടിക്കുന്ന കാര്യം പെണ്‍കുട്ടികളില്‍ മദ്യ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നതാണ്. 20 ശതമാനത്തോളം പേര്‍ മദ്യപാനം നടത്തുകയും തുടര്‍ന്ന് വാഹനങ്ങള്‍ ഓടിക്കാറുണ്ടെന്ന് സര്‍വ്വേ സാക്ഷ്യപ്പെടുത്തുന്നു. 25-34 വയസ്സിലുള്ള 57.6 ശതമാനം പേരും തുടര്‍ച്ചയായി മദ്യപാനം നടത്തുന്നവരാണ്.
ദല്‍ഹിയിലെ എഎപി സര്‍ക്കാരിന്റെ ക്രമസമാധാന പാലനത്തിലെ പാളിച്ചയും ചെറുപ്പക്കാരിലെ മദ്യപാന ശീലം വര്‍ദ്ധിക്കുന്നതിന് വഴിവച്ചിട്ടുണ്ട്.
















