ന്യൂദല്‍ഹി: പഞ്ചാബിന്റെ തെരഞ്ഞെടുപ്പ് ചുമതല തുടർന്നു പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കമൽ നാഥ്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് തന്റെ പേര് പരാമർശിക്കപ്പെട്ടതിനെ തുടർന്നാണ് കമൽ നാഥ് ചുമതല ഒഴിയാൻ തീരുമാനമെടുത്തത്.
ഇതുസംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം കത്തെഴുതി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കമല്‍നാഥിനെ പാര്‍ട്ടി തെരഞ്ഞെടുത്തത്. കലാപത്തില്‍ ആരോപണവിധേയനായ കമല്‍നാഥിനെ സംസ്ഥാനത്തിന്റെ ചുമതലയേല്‍പ്പിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
1984ലെ കലാപത്തില്‍ ഡല്‍ഹിയിലെ രാകാബ്ഗഞ്ച് ഗുരുദ്വാരയിലേക്ക് അക്രമത്തിനായി ജനക്കൂട്ടത്തെ നയിച്ചത് കമല്‍നാഥാണെന്നാണ് ആരോപണം. ഇദ്ദേഹത്തിന് സംസ്ഥാനത്തിന്റെ ചുമതല നല്‍കിയതിനെ പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളാണ് ഉയരുന്നതെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
















