തിരുവനന്തപുരം: ജില്ലയിലെ വിവിധ വകുപ്പുകളുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കീഴിലുള്ള സ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലും അതീവ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ നാശനഷ്ടം ഏറ്റവും കുറഞ്ഞ രീതിയില്‍ മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. മഴക്കാലത്ത് മരങ്ങള്‍ വീണ് നിരവധി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ അറിയിപ്പെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളില്‍ മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കണം. സ്വകാര്യവ്യക്തികള്‍ സ്വമേധയാ ശിഖരങ്ങള്‍ മുറിച്ചു മാറ്റിയില്ലെങ്കില്‍ തദ്ദേശസ്വയംഭരണസ്ഥാപനം ശിഖരങ്ങള്‍ മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കുകയും അതിന് ചെലവാകുന്ന തുക ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് ഈടാക്കുകയും വേണം. ഏതെങ്കിലും മരങ്ങള്‍ മുറിച്ചുമാറ്റേണ്ടതുണ്ടെങ്കില്‍ കളക്ടറുടെ പ്രതേ്യക അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
















