ആലപ്പുഴ: ജില്ലയുടെ വിവിധ താലൂക്കുകളില്‍ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി. 12 കേസെടുത്തു.
നിര്‍ദ്ദിഷ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പായ്‌ക്കറ്റുകള്‍ വില്‍പ്പന നടത്തുക, അധിക വില ഈടാക്കുക, വില തിരുത്തി ക്രമക്കേട് കാണിക്കുക, ലൈസന്‍സ് ഇല്ലാതെ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തുക, നിയമാനുസരണമുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാതെ ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക, മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവുതൂക്ക ഉപകരണങ്ങളുടെ രേഖകള്‍ ഹാജരാക്കാതിരിക്കുക എന്നീ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധനകള്‍ തുടരുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.
അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ ജെ.സി. ജീസണ്‍, എസ്. ഷെയ്‌ക്ക് ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധനയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഹഫീസ്, ഇന്‍സ്‌പെക്ടര്‍മാരായ ഷൈനി വാസവന്‍, ബിനു ബാലക്, യൂജിന്‍ പസില്‍, സനോജ്, പ്രവീണ്‍ എന്നിവരും ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റുമാരായ എച്ച്. നൗഷാദ്, എ. സന്തോഷ്‌കുമാര്‍, ജയകുമാര്‍, വിജേഷ് കുമാര്‍, വിനീത് ശിവറാം, വി.ആര്‍. സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















