പാട്ന: പ്ലസ്ടു പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ബീഹാർ സ്കൂൾ പരീക്ഷാ ചെയർമാൻ ലാൽകേശ്വർ പ്രസാദ് സിംഗ്, ഭാര്യയും മുൻ ജെഡിയു എംഎൽഎയുമായ ഉഷ സിൻഹ എന്നിവർക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
പോലീസിന്റെ അഭ്യർത്ഥന പ്രകാരം പാട്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഓം പ്രകാശാണ് ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട് സിൻഹ തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ പദവി ഒഴിഞ്ഞിരുന്നു.
പ്ലസ്ടു പരീക്ഷയിലെ നടത്തിപ്പിലും ഉത്തര നിർണയത്തിലും വൻ തോതിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ക്രമക്കേടുകൾക്ക് മുഴുവൻ ചുക്കാൻ പിടിച്ചത് മുൻ ചെയർമാനായ ലാൽകേശ്വറാണെന്ന് പോലീസ് സൂപ്രണ്ട് മനു മഹരാജ് കണ്ടെത്തിയിരുന്നു. ഇവർക്ക് രാഷ്‌ട്രീയമായി ഉഷ സിൻഹ സഹായം നൽകിയെന്നുമാണ് അന്വേഷണ സംഘത്തിന് അറിയാൻ കഴിഞ്ഞത്.
ബിഷുറായി കോളെജിലാണ് ഏറെ വിവാദമായ പരീക്ഷാ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇവിടുത്തെ പ്രിൻസിപ്പൽ ബച്ച റായിയെ പോലീസ് വൈശാലി ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
ആർട്സ് സയൻസ് വിഷയങ്ങളിൽ റാങ്കുകൾ നേടിയ റുബി റായിയും സൗരഭ് ശ്രേഷ്ടയും മാധ്യമ പ്രവർത്തകർ ചോദിച്ച നിസാര ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാൻ സാധിക്കാതെ വന്നതോടെയാണ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് പുറം ലോകമറിഞ്ഞത്.
















