മുംബൈ: പാപ്പരാസികൾ എന്നും സിനിമ താരങ്ങൾക്ക് തലവേദനയാണ്. ഡയാന രാജകുമാരി മുതൽ അനുഷ്ക ശർമ്മവരെയുള്ളവർ ഇവരുടെ ഒളിയമ്പുകൾക്ക് ഏറ്റവരാണ്. അടുത്തിടെ നമ്മുടെ ബച്ചൻ ദമ്പതികളായ അഭിഷേക് ബച്ചനെയും ഐശ്വര്യാ റായിയെയും പാപ്പരാസികൾ കണക്കറ്റ് പ്രഹരിച്ചിരുന്നു. വാർത്ത എന്തെന്നാൽ ഇരുവരും തമ്മിൽ കലഹമാണെന്നും ഉടൻ തന്നെ വേർപിരിയുമെന്നാണ്. എന്നാൽ നമ്മുടെ ബച്ചൻ സാബ് പാപ്പരാസികളുടെ വായടക്കുകയും ചെയ്തു.
ഐശ്വര്യ റായിയുടെ പുത്തൻ ചിത്രമായ സബർജിത്തിന്റെ ആഘോഷ ചടങ്ങിൽ ബോളിവുഡ് താരങ്ങൾ എല്ലാം പങ്കെടുത്തിരുന്നു. താരനിബിഡമായ ആഘോഷ ചടങ്ങിൽ ഐശ്വര്യ റായിയും ഭർത്താവ് അഭിഷേക് ബച്ചനും തമ്മിൽ അത്ര രസത്തിലല്ല മാധ്യമങ്ങൾക്ക് മുന്നിൽ പെരുമാറിയത്. ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യാൻ ഐശ്വര്യ റായ് അഭിഷേക് ബച്ചനെ ക്ഷണിച്ചെങ്കിലും ഇത് നിരസിച്ച് അഭിഷേക് പുറത്തേക്ക് പോകുകയായിരുന്നു. ഇതിനു പുറമെ ഐശ്വര്യയുടെ കൈ വിട്ടാണ് അഭിഷേക് നടന്നത്. പിന്നെ പറയണോ, പാപ്പരാസികൾ ആ നിമിഷം മുതൽ പറഞ്ഞു തുടങ്ങി ഇരുവരും തമ്മിൽ പിരിയാൻ പോകുന്നുവെന്ന്.
എന്നാൽ കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ തന്റെ നവമാധ്യമത്തിലൂടെ തന്റെ ദാമ്പത്യ ബന്ധത്തിന്റെ തീവ്രത പാപ്പരാസികളെ ബോധിപ്പിച്ചു. താനും ഐശ്വര്യയും തമ്മിൽ ദാമ്പത്യത്തിൽ കടുത്ത പ്രണയമാണെന്നും തങ്ങളുടെ ജീവിതം സ്നേഹപൂർണമായിട്ടാണ് മുന്നോട് പോകുന്നതെന്നും അഭിഷേക് പറയുന്നു. താൻ എത്രമാത്രം ഐശ്വര്യയെ സ്നേഹിക്കുന്നുണ്ടെന്ന് അവർക്കറിയാം, മാധ്യമങ്ങളെ പ്രീതിപ്പെടുത്തേണ്ട അവസ്ഥ തനിക്കില്ല, ഒരിക്കലും ഒരു മാധ്യമത്തിനും തന്റെ ജീവിതത്തെ തകർക്കാൻ സാധിക്കില്ലെന്നും അഭിഷേക് പറഞ്ഞു.
എന്തായാലും കുറച്ച് ദിവസങ്ങളായി താര ദമ്പതികളെ വേട്ടയാടുന്ന മാധ്യമങ്ങൾക്ക് അഭിഷേക് മികച്ച മറുപടി തന്നെ നൽകിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: