ന്യൂദല്‍ഹി: പുത്തന്‍ വ്യോമയാന നയത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകരാം. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് നയത്തിനു അംഗീകാരം നല്‍കിയത്. സാധാരണക്കാര്‍ക്കുപോലും ചുരുങ്ങിയ ചെലവില്‍ രാജ്യത്തൊട്ടാകെ വിമാനയാത്ര നടത്താന്‍ അവസരം നല്‍കുന്നതാണ് പുതിയ വ്യോമയാന നയം.
30 മിനിട്ട് യാത്രയ്‌ക്ക് 1200 രൂപയും, ഒരു മണിക്കൂര്‍ യാത്രയ്‌ക്ക് 2,500 രൂപയില്‍ കൂടാത്ത നിരക്കും മാത്രമേ ഈടാക്കാവു എന്ന് നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പടെയുള്ള കാതലായ പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വ്യോമയാന നയം.
വിദേശ വിമാന സര്‍വീസ് ചട്ടത്തിലും ഇളവ് വരുത്താന്‍ തീരുമാനമായിട്ടുണ്ട്. 20 വിമാനങ്ങളും അഞ്ചു വര്‍ഷമെങ്കിലും ആഭ്യന്തര വിമാന സര്‍വീസ് നടത്തിയിരിക്കണമെന്നുമുള്ള നിബന്ധനയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. ഇതില്‍ 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധന മാത്രമാണ് ഇനിയുണ്ടാവുക.
ആഭ്യന്തര സര്‍വീസ് പരിചയം നിര്‍ബന്ധമല്ല. ഒപ്പം എല്ലാത്തരം ടിക്കറ്റുകള്‍ക്കും റീഫണ്ട് സംവിധാനമേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
















