കന്മനം: വാരണാക്കര നെല്ലാപറമ്പ് വാര്‍ഡില്‍ ഉപ്പൂണ്ണിക്കായലിലെ നെല്ലാമ്പറമ്പ്-പള്ളിത്തോട് ഭാഗത്തേക്കൊഴുകുന്ന തോടിന് ഭിത്തികെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തോടിന്റെ ഭിത്തികള്‍ തകര്‍ന്നത് മൂലം കായലിന്റെ വടക്ക് ഭാഗത്ത് നിന്നും വെള്ളം മറിഞ്ഞ് തെക്ക് ഭാഗത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം മുന്‍വര്‍ഷങ്ങളില്‍ നിരവധി കുടുംബങ്ങള്‍ക്ക് താമസം മാറേണ്ടി വരികയും കൃഷിനാശം സംഭവിക്കുകയും പതിവുള്ളതാണ്. ഉപ്പൂണ്ണിക്കായലില് നിന്ന് തലക്കാട് പഞ്ചായത്തിലെ അറവഞ്ചേരി പാടത്തേക്കൊഴുകുന്ന കണ്ണാടിതോടിന് മാലിന്യം തള്ളിയും മണ്ണിടിഞ്ഞും നീരൊഴുക്ക് തടസ്സപ്പെട്ടതും അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി കൊടുത്തതും വെള്ളക്കെട്ടിന് കാരണമാണ്. പഞ്ചായത്ത് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. കാലവര്‍ഷം ശക്തിപ്പെടുമ്പോള്‍ വീടുകളില്‍ വെള്ളം കയറി ഇത്തവണയും മാറിത്താമസിക്കേണ്ടി വരുമോയെന്ന ഭീതിയിലാണ് കായലിന്റെ തീരത്ത് താമസിക്കുന്ന കുടുംബങ്ങള്‍. തൊഴിലുറപ്പ് പദ്ധതിയിലോ പ്രധാനമന്ത്രി കൃഷി സിംചായി യോജന പദ്ധതിയിലോ ഉള്‍പ്പെടുത്തി അടിയന്തിരമായി തോടിന് ഭിത്തി നിര്‍മ്മിക്കണമെന്നും, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവയിലുള്‍പ്പെടുത്തി തോടിന്റെ ഭിത്തി ഉയര്‍ത്തിക്കെട്ടി ശാശ്വത പരിഹാരമുണ്ടാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: