കോട്ടക്കല്‍: വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മൈലാടിയിലേക്ക് മാലിന്യമെത്തുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടക്കലിലെ നഗരമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മൈലാടിയില്‍ പ്ലാന്റ് സ്ഥാപിച്ച് കരാറുകാരനെ ഏര്‍പ്പെടുത്തി എന്നാല്‍ കരാറുകാരന് മാലിന്യങ്ങള്‍ സംസ്കരിക്കാതെ പ്രദേശത്ത് കുന്നുകൂട്ടിയിട്ടു.
മാലിന്യങ്ങള്‍ ചീഞ്ഞ് നാറിയതോടെ പ്രദേശത്തെ ജനങ്ങള്‍ മാലിന്യ ലോറികള്‍ തടയുകയും ചെയ്തു. നാട്ടുകാരുടെ എതിര്‍പ്പുമൂലം പ്ലാന്റ് അടച്ചുപൂട്ടി.
താല്കാലിക പരിഹാരത്തിനായി കോട്ടക്കല്‍ നഗരസഭ തിരുവനന്തപുരത്ത് നിന്ന് ഡീസല്‍ ഇന്‍സിനേറ്റര്‍ കൊണ്ടുവന്നു.
ലക്ഷങ്ങള്‍ ഇതിനായി ചിലവഴിച്ചിട്ടും നഗരമാലിന്യങള് സംസ്കാരിക്കാനായില്ല. തുടര്‍ന്ന് ഇന്‍സിനേറ്റര്‍ മാസങ്ങളോളം പ്രവര്‍ത്തിക്കാതെ കിടന്നു. കഴിഞ്ഞ വര്‍ഷമാണ് ഇന്‍സിനേറ്റര്‍ തിരുവനന്തപുരത്തേക്ക് തിരിച്ച് കൊണ്ട് പോയത്.
പിന്നീട് നഗരസഭ താല്‍ക്കാലികമായി കോട്ടക്കല്‍ സിഎച്ച് ഓഡിറ്റോറിയത്തിന് സമീപം ഒരു ഇന്‍സിനേറ്റര്‍ സ്ഥാപിച്ചു. പക്ഷേ ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ട്. പരാതിയെ തുടര്‍ന്നാണ് നിലവിലെ ഇന്‍സിനേറ്റര്‍ മൈലാടിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഒരു കാരണവശാലും അത് മൈലാടിയില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: