ന്യൂദല്‍ഹി: ബില്‍ തടഞ്ഞു വച്ച രാഷ്‌ട്രപതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യരുതെന്ന് ബിജെപി ആപ്പ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. മോഹഭംഗമുണ്ടായതോടെ കേജ്‌രിവാള്‍ രാഷ്‌ട്രപതിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. രാഷ്‌ട്രപതിയുടെ തീരുമാനത്തെ രാഷ്‌ട്രീയവല്‍ക്കരിക്കരുത്. ബിജെപി വക്താവ് സമ്പിത് പാത്രാ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേജ്‌രിവാള്‍ ഒരു കാരണവുമില്ലാതെ മോദിയെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതവസാനിപ്പിക്കണം. അദ്ദേഹം തുടര്‍ന്നു. വലിയ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളാണ് രാഷ്‌ട്രപതിയുടെ പദവിയും തെരഞ്ഞെടുപ്പ് കമ്മീഷനും. കേജ്രിവാളിന് ആഗ്രഹങ്ങള്‍ സാധിക്കാന്‍ വേണ്ടി രാഷ്‌ട്രപതിയുടെ വിശ്വാസ്യത നശിപ്പിക്കരുത്. അദ്ദേഹം തുടര്‍ന്നു.
21 പേരെ അയോഗ്യരാക്കുന്ന വിഷയം രാഷ്‌ട്രപതിയുടേയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മുന്‍പിലാണ്. ബിജെപിയുടെ കൈയിലല്ല.
ഞങ്ങള്‍ക്ക് അതില്‍ ഒന്നും ചെയ്യാനുമില്ല. പരാതി നല്‍കിയത് ഒരു സ്വതന്ത്ര അഭിഭാഷകനാണ്. 2006ലെ നിയമപ്രകാരം ദല്‍ഹിയില്‍ ഒരു പാര്‍ലമെന്ററി സെക്രട്ടറി മാത്രമേ പാടുള്ളു. 21 പേരെ നിയമിക്കും മുന്‍പ് കേജ്‌രിവാള്‍ ഈ നിയമം ഭേദഗതി ചെയ്യണമായിരുന്നു. ഇപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി കൊണ്ടുവരാനാണ് ശ്രമിച്ചത്. ഈ നടപടി കൈയോടെ പിടിയിലാകുകയും ചെയ്തു, സമ്പിത് പാത്രാ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളമുള്ള എംഎല്‍എമാരാണ് ആം ആദ്മിയുടേത്. ഇപ്പോള്‍ അവര്‍ക്ക് 400 ശതമാനം ശമ്പള വര്‍ദ്ധന കൂടി ലഭിച്ചിരിക്കുന്നു. സത്യപ്രതിജ്ഞയ്‌ക്ക് ഓട്ടോയിലും മെട്രോയിലുമാണ് അവര്‍ വന്നത്. ആശുപത്രിയോ സ്‌കൂളോ സന്ദര്‍ശിക്കാന്‍ ശമ്പളം വേണമെന്നും ചുവപ്പ് ലൈറ്റ് പിടിപ്പിച്ച കാര്‍ വേണമെന്നുമൊക്കെയാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ഇതൊക്കെ ജനം കാണുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
















