ന്യൂദല്‍ഹി: ദല്‍ഹിയില്‍ അമിതമായി മദ്യപിച്ച് വാഹനമോടിച്ച ബിബിഎ വിദ്യാര്‍ത്ഥിയുടെ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പ്രഭാത സവാരിക്കിറങ്ങിയ സര്‍ക്കാര്‍ ജീവനക്കാരനായ കമലേശ്വര്‍ പ്രസാദ്, വസ്തു കച്ചവടക്കാരനായ അശ്വനി ആനന്ദ് (67) എന്നിവരാണ് മരിച്ചത്. സന്തോഷ് (40) എന്നയാളാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വണ്ടിയോടിച്ചിരുന്ന ബിബിഎ വിദ്യാര്‍ത്ഥി റിഷാഭ് റാവത് (21) നെ പോലീസ് അറസ്റ്റു ചെയ്തു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദല്‍ഹിയിലെ വ്യവസായിയുടെ മകനാണ് റിഷഭ്. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ ആറു മണിയോടെ ദല്‍ഹിയിലെ ജനക്പുരിയില്‍വെച്ചായിരുന്നു സംഭവം. റിഷാഭ് റാവത് പാര്‍ട്ടി കഴിഞ്ഞ് തന്റെ പിതാവിന്റെ ഹോണ്ട സിറ്റി കാറില്‍ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടാക്കിയത്.
ജനക്പുരിയിലെ ശിവനഗറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് റാവതിന്റെ വീട്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ് റാവത് കാറോടിച്ചിരുന്നത്. പ്രഭാത സവാരിക്കിറങ്ങിയ കമലേശ്വര്‍ പ്രസാദിനെ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. തെറിച്ചു പോയ പ്രസാദ് ആദ്യം മരത്തിലും പിന്നെ മതിലിലും ഇടിച്ച് വീഴുകയായിരുന്നു. തലയ്‌ക്ക്
ഗുരുതര പരിക്കേറ്റ പ്രസാദ് ഉടന്‍ തന്നെ മരിച്ചു.
പ്രസാദിനെ ഇടിച്ചിട്ടും നിറുത്താതെ പോയ കാര്‍ സമീപത്തെ ജനവാസ മേഖലയില്‍ കാര്‍ കഴുകി കൊണ്ടു നില്‍ക്കുകയായിരുന്ന സന്തോഷിനെ ഇടിച്ചിട്ടു. തുടര്‍ന്ന് അമിത വേഗത്തില്‍ പാഞ്ഞ കാര്‍ പ്രഭാത സവാരിക്കിറങ്ങിയ അശ്വനിയേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സംഭവം കണ്ട പോലീസുകാരന്‍ കാറിനെ ബൈക്കില്‍ പിന്തുടരുകയും ഒന്നര കിലോമീറ്ററിന് അപ്പുറത്ത് വച്ച് തടയുകയുമായിരുന്നു. കാറില്‍ നിന്നിറങ്ങിയ റിഷാഭ കോണ്‍സ്റ്റബളിനോട് സിഗററ്റ് ലൈറ്റര്‍ ചോദിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് തന്റെ അച്ഛന്‍ നഷ്ടപരിഹാരം നല്‍കുമെന്നും പറഞ്ഞു. പരിശോധനയില്‍ കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്.
















