ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നടന്നുവന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന്റെ സമാപന പരിപാടിയില്‍ ബിജെപി നേതാക്കള്‍ പ്രവര്‍ത്തകരെ
അഭിവാദ്യം ചെയ്യുന്നു
അലഹബാദ്: രാജ്യത്തെ ബിജെപി സര്‍ക്കാരുകള്‍ സമൂഹത്തിന്റെ ആശ്രയ കേന്ദ്രങ്ങളായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകള്‍ സമൂഹത്തിന് പ്രയോജനകരമായ കാര്യങ്ങള്‍ നിര്‍വഹിക്കണം. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ നിരവധി ദശകങ്ങളുടെ ത്യാഗമാണ് പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചയ്‌ക്ക് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ടു ദിവസമായി ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നടന്നുവന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന്റെ സമാപന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
നാമൊരു ഇതിഹാസത്തെ കാണുകയാണെന്ന് ആമുഖമായി വിവരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
നിരവധി മുന്‍കാല പ്രവര്‍ത്തകരുടെ ത്യാഗവും സഹനവും നാമെപ്പോഴും സ്മരിക്കണം. സേവനഭാവം, സന്തുലനം, ക്ഷമ, സമന്വയം, സകാരാത്മകം, സംവേദനാത്മകം, സംവാദം എന്നീ ഏഴു കാര്യങ്ങളെ അടിസ്ഥാനമാക്കി വേണം ബിജെപി പ്രവര്‍ത്തകര്‍ സമൂഹവുമായി ഇടപഴകേണ്ടത്. നമ്മുടെ ലക്ഷ്യപൂര്‍ത്തിക്കുള്ള സമയം സമാഗതമായിട്ടില്ല. ഇനിയും നിരവധി മൈലുകള്‍ മുന്നോട്ടുപോകാനുണ്ട്, പ്രധാനമന്ത്രി ദേശീയ ഭാരവാഹികളെ ഓര്‍മ്മിപ്പിച്ചു.
















