അലഹബാദ്: കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും രാജ്യവികസനത്തിനായി ടീം ഇന്ത്യയെന്ന നിലയ്‌ക്ക് യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള നയങ്ങള്‍ മികച്ച നിലയില്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കണമെന്നും പ്രമേയം നിര്‍ദ്ദേശിക്കുന്നു.
രാജ്യത്തിന്റെ വികസനമായിരിക്കണം എല്ലാവരുടേയും പ്രധാന പരിഗണനാ വിഷയം. ബിജെപിയുടെ കാര്യകര്‍ത്താക്കളും അനുഭാവികളും കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കാന്‍ പരിശ്രമിക്കണം. ഭരണ മികവിനുള്ള സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങളില്‍ നിന്നും സ്വീകരിച്ച് സര്‍ക്കാരിലെത്തിക്കേണ്ടതാണെന്നും പ്രമേയം പറയുന്നുണ്ട്.
ഭാരതത്തിന്റെ പ്രതിച്ഛായ ആഗോളതലത്തില്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ വിജയിച്ചു. ഭാരതത്തിന്റെ ചിന്തകളോടും സംസ്‌ക്കാരത്തോടും ലോകരാജ്യങ്ങളുടെ മതിപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ സഹായിച്ചു. ഡോ. അംബേദ്ക്കറുടെ മാനുഷികമൂല്യം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക വഴി സവിശേഷമായ പ്രാധാന്യമാണ് കൈവന്നത്. ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളെ ഫലപ്രദമായ പ്രതിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നുണ്ട്. സുതാര്യവും സുദൃഢവുമായ ഭരണത്തിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.
രാജ്യത്ത് പുതിയ പ്രവര്‍ത്തന സംസ്‌ക്കാരം, മികച്ച ചിന്തകള്‍, കൃത്യമായ പദ്ധതികള്‍ എന്നിവ കൊണ്ടുവരാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് സാധിച്ചു. സ്വാഭിമാനം, വികസനം, മികച്ച കണ്ടെത്തലുകള്‍ എന്നിവയാണ് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ഘടകങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ പ്രഭാപൂരിതവും സുശക്തവുമായ ഭാരതത്തിന്റെ രൂപാന്തരണം അതിവേഗത്തില്‍ സാധ്യമായിക്കൊണ്ടിരിക്കുകയാണെന്നും രാഷ്‌ട്രീയ പ്രമേയത്തില്‍ വിശദീകരിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന പ്രമേയത്തില്‍ ദരിദ്രരുടെ വികസനവും യുവാക്കളുടെ ശാക്തീകരണവും സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളായി എടുത്തുകാട്ടുന്നു. രാഷ്‌ട്രീയ, സാമൂഹ്യ, സാമ്പത്തിക രംഗങ്ങളിലെ സാന്നിധ്യം മോദി സര്‍ക്കാര്‍ ഉറപ്പാക്കിയിരിക്കുന്നു. ഭാരതത്തിന്റെ ഭാവി സദ്ഭാരണത്തിലൂടെ സാധ്യമാക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിക്കുമെന്നും എം.വെങ്കയ്യ നായിഡു അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി.
















