പരപ്പനങ്ങാടി: സംസ്ഥാനത്തൊട്ടാകെ സ്കൂളുകളും കലാലയങ്ങളും ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് പോലീസ് ജനകീയ കൂട്ടായ്മകള്‍ സജീവമാകുമ്പോഴും പരപ്പനങ്ങാടിയിലും പരിസരത്തും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സുലഭം. പരപ്പനങ്ങാടി അണ്ടര്‍ ബ്രിഡ്ജ് പരിസരത്തെ എക്സൈസ്റേഞ്ച് ഓഫീസിനു താഴെയുള്ള പെട്ടിക്കടകളില്‍ ഹാന്‍സ് വില്‍പ്പന സജീവമാണ്, വില അല്പം കൂടുമെന്ന് മാത്രം. കൊടക്കാട്, കൂട്ടുമൂച്ചിയില്‍ വ്യത്യസ്തമായ രീതിയിലാണ് വില്‍പ്പന നടക്കുന്നത്. രാത്രി എട്ടുമണിക്കു ശേഷം റോഡരികില്‍ പാര്‍ക്ക് ചെയ്ത ആഡംബര കാറിലാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. ആവശ്യക്കാര്‍ അടുത്ത് എത്തിയാല്‍ കാറിന്റെ ഗ്ലാസ് പകുതി താഴ്ത്തി വേണ്ട സാധനം നല്‍കും. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് മുതല്‍ ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് വരെയുള്ള റെയില്പ്പാതയോരത്താണ് വില്‍പ്പനക്ക് എത്തുന്ന കഞ്ചാവ് കൈമാറ്റം ചെയ്യപ്പെടുന്നത്. രാത്രിയില്‍ ഇതുവഴി കടന്നു പോകുന്ന പാസഞ്ചര്‍ വണ്ടിയില്‍ നിന്നാണ് കാത്തുനില്‍ക്കുന്നവര്‍ക്ക് സാധനമെത്തുന്നത്. തിരൂരങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ ചെമ്മാട് പാറക്കടവിലും ലഹരി ഉല്‍പ്പന്നങ്ങള്‍ സുലഭമാണ്. ഇവിടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് ഇവിടേക്ക് ചരക്കെത്തുന്നത്. ബീവറേജസ് ഷോപ്പുകള്‍ പൂട്ടിയതിന് ശേഷമാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ലഹരി ഉപയോഗത്തിന് പുതിയ വഴികള്‍ തേടി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: