സിഡ്‌നി: ഭാരതത്തിന്റെ സൈന നെഹ്‌വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ചൈനയുടെ സുണ്‍ യുവിനെ പരാജയപ്പെടുത്തിയാണു സൈന കിരീടം ചൂടിയത്.
ആദ്യ സെറ്റ് കൈവിട്ട സൈന രണ്ടാം സെറ്റ് അനായാസം കൈക്കലാക്കി. മൂന്നാം സെറ്റില്‍ ലോക പത്താം റാങ്കുകാരിയായ സണ്‍ യു കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയം സൈനയ്‌ക്കൊപ്പം നിന്നു. സ്‌കോര്‍: 11-21, 21-14, 21-19.
ഇത് രണ്ടാം തവണയാണ് സൈന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചാമ്പ്യനാവുന്നത്. 2014ലാണ് സൈന ഇതിന് മുന്‍പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. സൈനയുടെ ഏഴാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ഇന്തോനേഷ്യന്‍ ഓപ്പണ്‍ (രണ്ടു തവണ), സിംഗപ്പൂര്‍ ഓപ്പണ്‍, ഹോങ് കോങ് ഓപ്പണ്‍, ഇന്ത്യ ഓപ്പണ്‍ എന്നിവയാണ് സൈന നേടിയ മറ്റ് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍.
ഈ വര്‍ഷത്തെ സൈനയുടെ ആദ്യത്തെ കിരീടം കൂടിയാണിത്.
















