കെന്റക്കി: ഇടിക്കൂട്ടിലെ മിന്നും താരം മുഹമ്മദ് അലിയെ അവസാനമായി യാത്രയയക്കാനെത്തിയത് പതിനായിരങ്ങള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 74കാരനായ ബോക്‌സിങ് ഇതിഹാസം അന്തരിച്ചത്. അമേരിക്കന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ജോര്‍ദ്ദാന്‍ രാജാവ് കിംങ് അബ്ദുള്ള രണ്ടാമന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, അമേരിക്കന്‍ ചലച്ചിത്രതാരം ബില്ലി ക്രിസ്റ്റല്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്‌കാര ചടങ്ങുകള്‍ക്ക് വിവിധ മതനേതാക്കന്മാര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരി അത്തള്ള ഷെഹബാസ് കവിത ആലപിച്ചു. ആചാര പരിപാടികള്‍ക്ക് ശേഷം അലിയുടെ ശരീരം ലൂയിസ് വില്ലയിലെ മുഹമ്മദ്ദ് അലി സെന്ററില്‍ പൊതുദര്‍ശ്ശനത്തിന് വച്ചു.
അലിയുടെ ഭൗതീകശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അദ്ദേഹം കുട്ടിക്കാലം ചെലവിട്ട സ്ഥലങ്ങളിലൂടെയും അദ്ദേഹത്തിന്റെ പേരുള്ള തെരുവിലൂടെയും ആഫ്രിക്കന്‍ അമേരിക്കക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെയുമായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ പല ചാനലുകളും തത്സമയം പ്രദര്‍ശിപ്പിച്ചു.
















