റൂര്‍ക്കി: ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘര്‍ഷം അയഞ്ഞുതുടങ്ങി. ഒരു ആക്രിക്കച്ചവടക്കാരനെ ഒഴിപ്പിക്കുന്നതിന്റെ മറവില്‍ ഒരു വിഭാഗം അഴിച്ചുവിട്ട കലാപത്തില്‍ 12 പോലീസുകാര്‍ അടക്കം 32 പേര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലെ ലാന്‍ധുരയിലാണ് സംഭവം.
ഇവിടുത്തെ ഒരു ആക്രികച്ചക്കടക്കാരനോട് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടിട്ട് നാളുകളായി. കുറഞ്ഞ വാടകയ്‌ക്ക് നാളുകളായി ഇയാള്‍ ഇവിടം കരസ്ഥമാക്കിയിട്ട്. ഒടുവില്‍ ഖാന്‍പൂരിലെ മുന്‍കോണ്‍ഗ്രസ് എംഎല്‍എയും ഇപ്പോള്‍ ബിജെപി അംഗവുമായ കണ്‍വര്‍ പ്രണവ് സിംഗിന്റെ സഹായത്തോടെ കടയുടമസ്ഥന്‍ മുറിയൊഴിപ്പിച്ചു. ഈ സമയത്ത് തങ്ങളുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചെന്നാരോപിച്ച് അക്രിക്കടക്കാരനും ഒരു പറ്റമാള്‍ക്കാരും വന്ന് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം കനത്തതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. നിരവധി റൗണ്ട് വെടിയുതിര്‍ത്തു. കല്ലേറിലും അക്രമങ്ങളിലുമാണ് 32 പേര്‍ക്ക് പരിക്കേറ്റത്. ഒരു വിഭാഗത്തില്‍ പെട്ടവര്‍ സംഘം ചേര്‍ന്നുവന്ന് ഇതര മതസ്ഥരെ ആക്രമിക്കുകയായിരുന്നു. എംഎല്‍എക്ക് എതിരെ തിരിഞ്ഞ അക്രമികള്‍ അദ്ദേഹത്തിന്റെ വസതിക്ക് കല്ലെറിഞ്ഞു. വസതിയുടെ മുറ്റത്തും പുറത്തും കിടന്നിരുന്ന രണ്ടു കാറുകള്‍ അടക്കം നാലു വാഹനങ്ങള്‍ കത്തിച്ചു. തുടര്‍ന്നാണ് വെടിവയ്‌പ്പിന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.
കലാപത്തില്‍ പരിക്കേല്‍ക്കുകയും സ്വത്തിന് നാശം സംഭവിക്കുകയും ചെയ്തവരെ സാധ്വി പ്രാചി സന്ദര്‍ശിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റവരെയും മറ്റും കണ്ട സമയത്ത് ഉണ്ടായ രോഷത്താലാണ് അവര്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ബിജെപിയോ ഏതെങ്കിലും പരിവാര്‍ സംഘടനകളോ അത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കുന്നുമില്ല. എന്നാല്‍ മാധ്യമങ്ങള്‍ സംഘര്‍ഷത്തിന്റെ വിവരങ്ങളോ ഏകപക്ഷീയമായ ആക്രമണങ്ങളുടെ കാര്യമോ അവിടം സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ ഇങ്ങനെ പറഞ്ഞതെന്ന വസ്തുതയോ റിപ്പോര്‍ട്ട് ചെയ്തില്ല. വസ്തുതകള്‍ മറച്ചുവച്ച് പ്രാചിയുടെ പ്രസ്താവന പര്‍വ്വതീകരിക്കുകയാണ് അവര്‍ ചെയ്തത്.
കടക്കുള്ളിലെ സാധനങ്ങള്‍ വാരി പുറത്തിട്ടപ്പോള്‍ അവയ്‌ക്കിടയില്‍ ഖുറാനും ഉണ്ടായിരുന്നു. എന്നാല്‍ മനപൂര്‍വ്വം മതഗ്രന്ഥത്തെ അവഹേളിച്ചെന്നാരോപിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. എംഎഎയുടെ വസതി ആക്രമിച്ചത് ആസൂത്രിതമായിരുന്നുവെന്ന് സാധ്വി ആരോപിച്ചു.മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ തിരിഞ്ഞ ഒന്‍പത് വിമത കോണ്‍ഗ്രസ് എല്‍എല്‍എമാരില്‍ ഒരാളാണ് കണ്‍വര്‍ പ്രണവ് സിങ്. പിന്നീട് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
















