കോട്ടക്കല്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് കോട്ടക്കല്‍ സമൂഹ്യാരോഗ്യ കേന്ദ്രം. മഴ കനത്തതോടെ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ധാരാളം ആളുകള്‍ ആശ്രയിക്കുന്ന ആതുരാലയത്തിന് ഈ ദുരവസ്ഥ.
ഇവിടെ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രം സമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിട്ടും സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ച് ജീവനക്കാരെ നിയമിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കെട്ടിടം നിര്‍മ്മിച്ചെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലുള്ള സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. രണ്ടു ഡോക്ടര്‍മാരെ വെച്ചാണ് ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.
പക്ഷേ മതിയായ സൗകര്യങ്ങളില്ലാത്തത് രോഗികളെ വലക്കുന്നു. പലസമയത്തും ഡോക്ടര്‍മാരില്ലാത്തത് കാരണം രോഗികള്‍ക്ക് ചികിത്സ കിട്ടാതെ മടങ്ങിപോകേണ്ട അവസ്ഥയുമുണ്ട്. നിരവധി തവണ നാട്ടുകാരും സംഘടനകളും നിവേദനം നല്‍കിയെങ്കിലും യാതൊരു തുടര്‍ നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ഇത് സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരിന് ചെറുവിരല്‍ അനക്കാന്‍ പോലും സാധിച്ചില്ല. എംഎല്‍എയുടെ പിടിപ്പുകേടാണ് ഇതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. നിലവിലെ സര്‍ക്കാര്‍ ആശുപത്രിയെങ്കിലും ശരിയാക്കുമെന്ന പ്രതീക്ഷയിലാണ് കോട്ടക്കലിലെ സാധാരണ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: