കരുവാരകുണ്ട്: മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടാന ശല്യം വീണ്ടും രൂക്ഷമാക്കുന്നു. കല്‍കുണ്ടിലെ മണലിയംപാടം മേഖലയിലാണ് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.
ചെട്ടിപറമ്പില്‍ ടോമി, വയനപ്രായില് തൊമ്മന് എന്നീ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കൊമ്പനടക്കമുള്ള കാട്ടാനകള്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കൃഷിയിടത്ത് പ്രവേശിക്കാന്‍ ഭയപ്പെടുകയാണ്.
ടോമിന്റെ കൃഷിയിടത്തിലെ ജലസംഭരണി കാട്ടാനകള്‍ തകര്‍ത്തു കൂടാതെ വന്‍ കൃഷിനാശവും വരുത്തിയിട്ടുണ്ട്. വയനപ്രായില് തൊമ്മന്റെ അഞ്ഞൂറോളം കമുകുള് ചവിട്ടിമെതിച്ചു. വര്‍ഷങ്ങള്‍ പ്രായമായ കമുകളാണ് തുമ്പികൈ ഉപയോഗിച്ച് വലിച്ചൊടിച്ചത്. നിലം പൊത്തുന്ന കമുങ്ങുകളുടെ പട്ടകളും മറ്റും ഇവ ഭക്ഷണമാക്കുകയാണ് പതിവ്.
ചക്കയുടെ സീസണായതിലാണ് ഇവ കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ തമ്പടിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോടിക്കണക്കിന് രൂപയുടെ നാണ്യവിളകളും ഹൃസ്വകാല വിളകളും കാട്ടാനകള്‍ നാശം വരുത്തിയിട്ടുണ്ട്.
വനാതിര്‍ത്തികളില്‍ സോളാര്‍ വേലികളും കിടങ്ങും നിര്‍മ്മിച്ച് വന്യമൃഗങ്ങളെ തടയുമെന്ന മുന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നും കടലാസില്‍ ഒതുങ്ങിയിരിക്കുന്നു. സോളാര്‍ വേലി നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ ചിലവഴിച്ചുവെന്ന് കണക്കുകള്‍ സുചിപ്പിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചില്ല.
ഇടനിലക്കാര്‍ ഫണ്ട് തട്ടിയെടുത്തതായും ആരോപണമുണ്ട്. കാട്ടാന ശല്യം നേരിടുന്ന കൃഷിയിടങ്ങളിലെ വനാതിര്‍ത്തികളില്‍ സോളാര്‍ വേലികളും മറ്റും നിര്‍മ്മിക്കുമ്പോള്‍ കര്‍ഷകരുടെ മേല്‍നോട്ടത്തിലാവണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: