ന്യൂദല്‍ഹി: റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ പരിശോധനാക്രമങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കമ്പ്യൂട്ടര്‍വത്കൃത ഡ്രൈവിംഗ് ടെസ്റ്റിലൂടെയാകും ഇനി മുതല്‍ ലൈസന്‍സ് അനുവദിക്കുക.അമിതവേഗം പരിശോധിക്കാന്‍ ദേശീയപാതകളില്‍ റഡാറുകള്‍ സ്ഥാപിക്കുക, ലേണേഴ്‌സ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കുക, റോഡ് നിയന്ത്രണത്തിനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുക, ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുക തുടങ്ങിയ
കാര്യങ്ങളും പരിഗണനയിലുണ്ട്.
പാര്‍ലമെന്റ് പാസാക്കാനൊരുങ്ങുന്ന മോട്ടോര്‍ ബില്ലില്‍ ഈ വ്യവസ്ഥകള്‍ ഉണ്ടായിരിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 2015ലെ റോഡപകടങ്ങളുടെ സ്ഥിതിവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ്പുറത്തിറക്കിക്കൊണ്ട് സംസാരിക്കയായിരുന്നു മന്ത്രി.
അതേസമയം ഗിയറില്ലാത്ത സ്‌കൂട്ടറുകള്‍ ഓടിക്കുന്നതിനുള്ള പ്രായപരിധി 16 വയസ്സായി നിജപ്പെടുത്താനും, ട്രാഫിക് ചട്ടലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്താനും, കുട്ടികളെക്കൊണ്ട് വാഹനമോടിക്കുന്ന രക്ഷിതാക്കള്‍ക്ക് മൂന്നു വര്‍ഷം ജയില്‍ വാസമോ, 20000 രൂപ വരെ പിഴയോ വ്യവസ്ഥ ചെയ്യുന്ന നിര്‍ദ്ദേശവും ഇതു സംബന്ധിച്ച് മന്ത്രിസഭ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വ്യാജലൈസന്‍സ് ഉപയോഗിച്ചുള്ള ഡ്രൈവിംഗ് പിടിക്കപ്പെട്ടാല്‍ 5000 രൂപ പിഴയിടാനും ശുപാര്‍ശചെയ്തിട്ടുണ്ട്. നിലവില്‍ ഇത് 500 രൂപയാണ്.
വാഹനങ്ങളില്‍ അനധികൃത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് ് 5000 രൂപവരെ പിഴ ചുമത്തും. നിര്‍മ്മാണപ്പിഴവുകള്‍ വരുത്തുന്ന വാഹനക്കമ്പനികള്‍ക്ക് പിഴ ഒരുലക്ഷം രൂപവരെയാകും.
പ്രായപൂര്‍ഷ;ത്തിയാകാതെ വാഹനമോടിക്കല്‍ വേഗപരിധി ലംഘനം, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ ഫോണ്‍ വിളിക്കല്‍ ട്രാഫിക് ലൈറ്റുകള്‍ മറികടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും പിഴശിക്ഷ വര്‍ധിപ്പിക്കും. വ്യാജ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷ 500 രൂപയില്‍ നിന്ന് 5000 രൂപയായി വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്.
















