പൂനെ: ഹൃദയത്തിന് ദ്വാരം വീണ വൈശാലിയുടെ കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും അനുകൂലമായ പ്രതികരണം. ആറ് വയസുകാരി വൈശാലിയുടെ ഹൃദയത്തിൽ ദ്വാരം കണ്ടെത്തിയ ശേഷം കുടുംബം ഏറെ വേദനയിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ പ്രധാനമന്ത്രിയിൽ നിന്നും ചികിത്സ സഹായത്തിനും അടിയന്തിര സഹായത്തിനും ലഭിച്ച മറുപടി ഏവരിലും സ്നേഹത്തിന്റെ ആശ്രു പൊഴിക്കുമെന്നതിൽ സംശയമില്ല.
പെയിന്ററായ പിതാവിനെക്കൊണ്ട് തന്റെ ഹൃദയത്തിന്റെ ദ്വാരം അടക്കാനുള്ള ഓപ്പറേഷന്റെ ചികിത്സ ചെലവ് കണ്ടെത്താൻ സാധിക്കില്ലെന്ന് മനസിലാക്കിയ വൈശാലി പ്രധാന മന്ത്രിക്ക് കത്തയക്കുകയായിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ ഉത്തരവിൽ വൈശാലിയുടെ ഓപ്പറേഷൻ നടന്നു.
കഴിഞ്ഞ വര്‍ഷമാണ് വൈശാലിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. വൈശാലിയുടെ സൈക്കിളും മറ്റും വിറ്റ് മരുന്നിനുള്ള പണം കണ്ടെത്തി. എന്നാല്‍ വൈശാലിയുടെ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. മൂന്ന് ലക്ഷത്തിലധികം രൂപ ശസ്ത്രക്രിയക്ക് വേണ്ടി വരുമെന്നറിഞ്ഞതോടെ കുടുംബം പരിഭ്രാന്തിയിലായി. തുടര്‍ന്നാണ് വൈശാലി പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ തീരുമാനിച്ചത്.
കത്ത് ലഭിച്ച ഉടന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. പൂനെ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട ശേഷം ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെ വൈശാലിയുടെ വിവരങ്ങള്‍ ശേഖരിച്ച അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പെണ്‍കുട്ടിയെ പൂനെയിലെ റൂബി ബാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. തികച്ചും സൗജന്യമായായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇപ്പോൾ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിലാണ് വൈശാലി.
















