പത്തനാപുരം: കരം അടയ്‌ക്കുന്നത് കൊല്ലം ജില്ലയില്‍. റേഷന്‍കാര്‍ഡും വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുമുള്‍പ്പെടെയുള്ള രേഖകള്‍ പത്തനംതിട്ട ജില്ലയില്‍. മാങ്കോട്പാടം, ഇരിട്ടിയറ, കടുവാമൂല, സ്വദേശികളാണ് ഇത്തരത്തില്‍ ദുരിതം പേറി ജീവിക്കുന്നത്. മേഖലയിലെ നാല്പ്പതോളം കുടുംബങ്ങളാണ് അധികൃത അനാസ്ഥയില്‍ ഇരു ജില്ലകളിലായി ദുരിതപര്‍വ്വം താണ്ടുന്നത്. നികുതി അടയ്‌ക്കുന്നത് കൊല്ലം ജില്ലയിലെ പത്തനാപുരത്താണ്. എന്നാല്‍ റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റികാര്‍ഡ് എന്നിവ പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ പഞ്ചായത്തിലും. ജില്ലാ അതിര്‍ത്തിയും, വനമേഖലയുമായ ഇവിടെ ജീവിക്കുന്നവരുടെ ദുരിതാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ നിരവധി നിവേദനങ്ങള്‍ക്കൊടുവിലും അധികൃതര്‍ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങള്‍ക്കോ മറ്റോ വായ്‌പയെടുക്കാനും കഴിയാത്ത അവസ്ഥയാണ്. ഇരുജില്ലകളിലായി രേഖകള്‍ കൂടിക്കുഴഞ്ഞു കിടക്കുന്നതിനാല്‍ ഭവനപദ്ധതികളില്‍ പോലും ഇടം പിടിയ്‌ക്കാനും ഇവര്‍ക്ക് ആകുന്നില്ല.
കലഞ്ഞൂര്‍, പത്തനാപുരം പഞ്ചായത്തുകളിലായി നിരവധി തവണ കയറിയിറങ്ങിയാല്‍ മാത്രമേ പല ആനുകൂല്യങ്ങളും ലഭിക്കുകയുള്ളു. ഇവിടെയുള്ള മിക്ക വീടുകളും തകര്‍ച്ചയുടെ വക്കിലാണ്. വീട് വയ്‌ക്കാനായി ഇരു പഞ്ചായത്തുകളിലുമായി നിരവധി തവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് വയോധികയായ തങ്കമ്മ പറയുന്നത്. ഇവരും അംഗവൈകല്യമുള്ള മകനും ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കൂരയ്‌ക്കുള്ളിലാണ്. ഇവിടേക്കുള്ള റോഡ് നിര്‍മ്മാണം പോലും ഇരു പഞ്ചായത്തെന്ന പേരില്‍ ഇനിയും നടന്നിട്ടില്ല.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രമിവിടെയെത്തുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ വാഗ്ദാനം നല്‍കി മടങ്ങുന്നതല്ലാതെ പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും ആക്ഷേപമുണ്ട്. വനവിഭവങ്ങള്‍ ശേഖരിക്കലും, കൂലിവേലയുമാണിവരുടെ പ്രധാന ഉപജീവനമാര്‍ഗം. ജില്ലാ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി തവണ സര്‍വ്വേ നടന്നിട്ടുണ്ടെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല.
















